ഷെയ്ന്‍-നിര്‍മ്മാതാക്കള്‍ പ്രശ്‌നത്തില്‍ പുതിയ വഴിത്തിരിവ്

കൊച്ചി: ഷെയ്ന്‍ നിഗവും പ്രൊഡ്യൂസേഴ്‌സ് അസോസിയേനും തമ്മിലുള്ള പ്രശ്‌നം പുതിയ വഴിത്തിരിവില്‍. ഷെയ്ന്‍ വെയില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നാണ് പുറത്തുവരുന്ന വിവരം. വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത്ത് ഷെയ്‌നിന്റെ മാനേജറുമായി ഫോണില്‍ സംസാരിച്ചു. വെയിലിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്ന് സംവിധായകനെ അറിയിച്ചതായും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ അനുമതി കിട്ടിയാല്‍ ഉടന്‍ ചിത്രീകരണം തുടങ്ങാമെന്നും ഷെയ്‌നിന്റെ മാനേജര്‍ വ്യക്തമാക്കി.

നിര്‍മ്മാതാക്കള്‍ മനോരോഗികളെന്ന പരാമര്‍ശത്തില്‍ കഴിഞ്ഞ ദിവസം ഷെയ്ന്‍ ക്ഷമാപണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ സജീവമാകുന്നത്. രണ്ട് ആഴ്ചയ്ക്ക് ഉള്ളില്‍ തന്നെ ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് നീങ്ങുമെന്നാണ് വിവരം. ജനുവരി 9-ന് കൊച്ചിയില്‍ ചേരുന്ന ‘അമ്മ’ നിര്‍വാഹക സമ്മിതി യോഗത്തില്‍ ഷെയ്ന്‍ നിഗം വിഷയം ചര്‍ച്ച ചെയ്യും. യോഗത്തിലേക്ക് ഷെയ്ന്‍ നിഗത്തിനെ വിളിപ്പിക്കും. ഇതിന് ശേഷം നിര്‍മ്മാതാക്കളുമായി ‘അമ്മ’ ചര്‍ച്ച നടത്തും.

ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കുന്നതിലും വെയില്‍ , കുറുബാനി സിനിമകളുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്നതിലും ഷെയ്‌നിന്റെ കയ്യില്‍ നിന്ന് ‘അമ്മ’ ഉറപ്പ് വാങ്ങും. ഇതിന് ശേഷം ഈ ഉറപ്പുമായി അമ്മ ഭാരവാഹികള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ചര്‍ച്ച നടത്തും. രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്നാണ് സൂചന. നേരത്തെ ഡിസംബര്‍ 22ന് തീരുമാനിച്ചിരുന്ന നിര്‍വാഹകസമിതിയോഗം മോഹന്‍ലാല്‍ സ്ഥലത്തില്ലാത്തതിനാല്‍ ജനുവരിയിലേക്ക് മാറ്റുകയായിരുന്നു.

SHARE