ട്രംപിന്റെ വാര്‍ത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് മുന്നില്‍ വെടിവെപ്പ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് മുന്നില്‍ വെടിവെപ്പ്. വൈറ്റ് ഹൗസിന് പുറത്തുള്ള പുല്‍ത്തകടിയില്‍ വെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയായിരുന്നു വെടിവെയ്പ്. തിങ്കളാഴ്ച വൈകിട്ട് 5.50 നാണ് സംഭവം.

വെടിവെപ്പ് നടത്തിയ ആയുധധാരിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് പരിസരം മുഴുവന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വളയുകയും ചെയ്തു. വെടിവെപ്പ് നടന്ന ഉടന്‍ തന്നെ ട്രംപിനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. തുടര്‍ന്ന് വെടിവെച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴ്‌പ്പെടുത്തിയ ശേഷം ട്രംപ് വാര്‍ത്താസമ്മേളനം തുടര്‍ന്നു. ട്രംപ് തന്നെയാണ് വെടിവെപ്പുണ്ടായ വിവരം സ്ഥിരീകരിച്ചത്.

വൈറ്റ് ഹൗസ് നില്‍ക്കുന്ന സ്ഥലത്തിന് പുറത്തുവെച്ചാണ് സംഭവം നടന്നതെന്നും സുരക്ഷാ പാളിച്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഇവരുടെ അടുത്ത് താന്‍ സുരക്ഷിതനാണെന്നും അടിയന്തര ഘട്ടങ്ങളില്‍ വേണ്ടത് ചെയ്യാന്‍ അവര്‍ക്കറിയാമെന്നും ട്രംപ് പറഞ്ഞു.

SHARE