പ്രതിസന്ധികളിൽ പാർട്ടിയെ നയിച്ച നേതാവല്ല.. സി പി എം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയുടെ പേരാണ് പിണറായി വിജയൻ…

ഷിബു മീരാന്‍

ഇന്നലെയായിരുന്നു പിണറായി വിജയൻ്റെ ജൻമദിനം.. നവ മാധ്യമ ചുമരുകൾ വാഴ്ത്തുപാട്ടുകൾ കൊണ്ട് നിറഞ്ഞു.. സി പി എം ൻ്റെ ചരിത്രത്തിലെ മികച്ച പാർട്ടി സെക്രട്ടറി കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി..പ്രതിസന്ധികളിൽ പാർട്ടിയെ പതറാതെ നയിച്ച സഖാവിന് അഭിവാദ്യം നേർന്നു ഇടതു രാഷ്ട്രീയത്തെ പിണറായി ഭക്തിയെന്നു മനസിലാക്കിയ നിരവധി പേർ..

ഒരു തികഞ്ഞ ‘കമ്മ്യൂണിസ്റ്റ്’ ആയിരുന്ന ചടയൻ ഗോവിന്ദൻ അന്തരിച്ചതിനു ശേഷമാണ് പിണറായി പാർട്ടി സെക്രട്ടറിയാകുന്നത്.. അതിനു ശേഷം സി പി എം നേരിട്ട പ്രധാന പ്രതിസന്ധികളെന്തൊക്കെ എന്നു പരിശോധിക്കാം..

വിഭാഗീയത…

സി പി എം ലെ വിഭാഗീയതയായിരുന്നു ഒരു പ്രശ്നം.. ഒരു ഘട്ടത്തിൽ സി പി എം സംസ്ഥാന സമ്മേളനത്തിൽ നിന്ന് വി എസ് ഇറങ്ങി പോവുക വരെ ചെയ്തു. .മലപ്പുറം, കോട്ടയം ഒക്കെ നടന്ന സംസ്ഥാന സമ്മേളനങ്ങളിൽ ചേരിതിരിഞ്ഞ് മത്സരമുണ്ടായി… വി എസും പിണറായിയും പോളിറ്റ് ബ്യൂറോയിൽ നിന്ന് സസ്പെൻ്റ് ചെയ്യപ്പെന്ന സ്ഥിതി ഉണ്ടായി.. സംഭവ ബഹുലമായ ആ കാലം അവസാനിച്ചു..പാർട്ടി സെക്രട്ടറി നിഷ്പക്ഷനായി നിന്നു വിഭാഗീയത പരിഹരിക്കുകയല്ല ഉണ്ടായത്..പാർട്ടിയിലെ വി എസ് അനുകൂലികളെ സമ്പൂർണമായും വെട്ടി നിരത്തി. സാക്ഷാൽ വി എസി നെ തന്നെ ഭരണപരിഷ്കാര കമ്മീഷൻ എന്ന ചില്ലുകൊട്ടാരത്തിൽ തടവുകാരനാക്കി മാറ്റി… ഒരു തരത്തിൽ ഇല്ലാതായത് പാർട്ടിയിലെ വിഭാഗീയതയല്ല.. ഉൾപാർട്ടി ജനാധിപത്യം തന്നെയാണ്..

2006 ലെ സ്ഥാനാർത്ഥി നിർണയം..

സി പി എം പുറത്തിറക്കിയ സ്ഥാനാർത്ഥി ലിസ്റ്റ് വെട്ടി തിരുത്തേണ്ടി വന്നു.. വി എസിന് സീറ്റ് നിക്ഷേധിക്കാനുള്ള നീക്കത്തിനെതിരെ നാടൊട്ടുക്കും പാർട്ടി പ്രവർത്തകർ പ്രതിഷേധിച്ചു. നാടൊട്ടുക്ക് പ്രകടനങ്ങൾ.. കാരിരുമ്പു കരുത്തുള്ള പാർട്ടി അച്ചടക്ക കോട്ടകൾ വിറച്ചു..പിണറായി മുട്ട് മടക്കി.. ചരിത്രത്തിലാദ്യമായി പാർട്ടി തീരുമാനം മാറി.. വി എസ് മുഖ്യമന്ത്രിയായി.. 2011 ലും ഈ നാടകം ആവർത്തിച്ചു.. പക്ഷേ വി എസ് ഫാക്ടർ പ്രവർത്തിച്ചില്ല .. മുന്നണി തോറ്റു..

ലാവ്ലിൻ…

ലാവ്ലിൻ സി പി എം ൻ്റെ പ്രതിസന്ധി ആകമായിരുന്നില്ല.. അത് പിണറായിയുടെ പ്രതിസന്ധി ആയിരുന്നു.. ദേശീയ തലത്തിൽ തന്നെ അഴിമതിക്കാരില്ലാത്ത പാർട്ടി എന്നൊരു അഭിമാനബോധം ഉണ്ടായിരുന്നു സി പി എം ന്.. ഒരു പാട് ദുരിതങ്ങൾക്കിടയിലും എത്രയോ നേതാക്കൻമാർ കാണിച്ച സത്യസന്ധതക്ക് ഈ നാട് നൽകിയ അംഗീകാരം..പിണറായിക്കു വേണ്ടി സി പി എം റദ്ദാക്കിയത് ആ നേതാക്കൻമാരുടെയും അവരുടെ കുടുംബങ്ങളുടെയും പിന്നെ ചെങ്കൊടി പിടിച്ച എത്രയോ സഖാക്കളുടെയും യാതന നിറഞ്ഞ ജീവിതങ്ങളുടെ നേരായിരുന്നു.. മറ്റൊരു ഘട്ടത്തിൽ അദ്ദേഹത്തിനെതിരായ കുറ്റപത്രം നിയമ സാങ്കേതികതയിൽ റദ്ദാക്കപ്പെട്ടു.. മാധ്യമങ്ങളും, മഹാ നേതാവും (വി എസ് ) തന്നെ വേട്ടയാടി എന്ന് പത്രസമ്മേളനത്തിൽ പരസ്യമായി പറഞ്ഞു പിണറായി.. പക്ഷേ കേസിപ്പോഴും തുടരുന്നു.. പി ചിദംബരത്തെ മതിലു ചാടി അറസ്റ്റ് ചെയ്യുന്ന കാലത്ത്, സുപ്രിം കോടതിയിൽ ലാവ്ലിൻ കേസിൽ സി ബി ഐ കാണിക്കുന്ന മെല്ലെപ്പോക്ക് ദുരൂഹമാണ്.. അഴിമതി വിരുദ്ധ മുഖം മാത്രമല്ല സി പി എം ൻ്റെ ഫാസിസ്റ്റ് വിരുദ്ധ ഗീർവാണങ്ങൾ കൂടി ലാവ്ലിനിൽ ഇല്ലാതായി… നയനാർക്കു ശേഷം സി പി എം മുഖ്യമന്ത്രി ആഭ്യന്തരം കയ്യാളുമ്പോൾ പോലീസ് നയം എ കെ ജി സെൻ്ററിലേതല്ല, മാരാർജി ഭവനിലേതാണ്.. അലൻ ത്വാഹ കേസിൽ ,യു എ പി എ തുടങ്ങിയ കരിനിയമങ്ങൾക്കെതിരെ ഇനിയൊന്നും പറയാൻ കഴിയാത്തവണ്ണം പിണറായി പോലീസ് സി പി എം ൻ്റെ വാ മൂടി കെട്ടി.. അതും ലാവ്ലിൻ മഹാത്മ്യമാണ്…

ടി പി വധം..

രാഷ്ട്രീയ കൊലപാതക്കൾ സി പി എം ചരിത്രത്തിൽ പുത്തരിയല്ല.. നിരവധി പ്രവർത്തകരെ ആ പാർട്ടിക്ക് നഷ്ടമായിട്ടുണ്ട്.. സി പി എം നേതാക്കൾ പ്രതിയായി വന്ന ഒരു പാട് കേസുകളുമുണ്ട്.. ജയകൃഷ്ണൻ മാസ്റ്റർ വധക്കേസിലെ പ്രതിയുടെ കവിത നെരൂദ കവിതയുടെ ഗാംഭീര്യത്തിൽ സമ്മേളനങ്ങളിൽ വായിക്കാറുണ്ടായിരുന്നു.. പക്ഷേ റ്റി പി ചന്ദ്രശേഖരൻ്റെ കൊലപാതകം സി പി എം ചരിത്രത്തിൽ വലിയ പ്രതിസന്ധിയുണ്ടാക്കി., കാരണം കൊല്ലപ്പെടുന്ന നിമിഷവും ചന്ദ്രശേഖരൻ ഒരു കമ്മ്യൂണിസ്റ്റായിരുന്നു.. റ്റി പി യുടെ കമ്മ്യൂണിസമാണോ പിണറായി നയിക്കുന്ന കണ്ണൂർ മോഡൽ കമ്മ്യൂണിസമാണോ ശരി എന്നൊരു ചോദ്യമുണർന്നു.. ആ ചോദ്യം ഇന്നും മുഴങ്ങുന്നു.. ബുദ്ധി എ കെ ജി സെൻററിൽ പണയം വക്കാത്തവരൊക്കെ ഒരേ സ്വരത്തിൽ പറയുന്നു.. പതിയിരുന്ന് വെട്ടി നുറുക്കുന്ന രാഷ്ട്രീയം ഇടതു രാഷ്ട്രീയമല്ലെന്ന്.. റ്റി പി ഒരിക്കലും കൊല്ലാനാവാത്ത ശരിയാണെന്ന്..

വിവിധ തെരഞ്ഞെടുപ്പുകൾ..

നയനാർ മന്ത്രിസഭയിൽ മന്ത്രിയായിരിക്കെയാണ് പിണറായി പാർട്ടി സെക്രട്ടറിയാകുന്നത്.. 2001 ൽ ഇടതു മുന്നണി തോറ്റമ്പി.. 2004 ൽ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മേൽക്കൈ.. 2006 ൽ നിയമ സഭയിൽ വിജയം… 2009 ൽ പാർലമെൻ്റ് തിരത്തെടുപ്പ് ഇടതുപക്ഷത്തിന് വെറും നാല് സീറ്റ്.. 2011 ൽ നിയമ സഭയിലും മുന്നണി തോറ്റു.. 2014 ലോക്സഭയിലും മേൽക്കൈ ലഭിച്ചില്ല.. 2016 ൽ ഇടതുപക്ഷത്തിൻ്റെ മിന്നും വിജയം.. പക്ഷേ ഈ വിജയങ്ങളിലും പരാജയങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സി പി എം ൻ്റ സ്റ്റാർ ക്യാമ്പയിനർ പിണറായി ആയിരുന്നില്ല.. വി എസ് ആയിരുന്നു.. അതൊക്കെ ഒരർത്ഥത്തിൽ വി എസി ൻ്റെ വിജയമായിരുന്നു..

2019 ൽ അതല്ല കഥ.. വി എസ് ചിത്രത്തിലില്ല.. ക്യാമ്പയിൻ നയിച്ചത് സാക്ഷാൽ പിണറായി… ഇരട്ട ചങ്കൻ ധീര സഖാവ് ഒറ്റക്ക് പടപൊരുതി.. ഫലം അറിയാമല്ലോ.. പേടിക്കൂട്ടിനൊരാൾ പോലുമില്ലാതെ ആലപ്പുഴയിലെ ആരിഫ് മാത്രം ഡൽഹിക്ക്..

എ കെ ജി സെൻ്ററിൽ ഇരട്ട ചങ്കുള്ള വിഗ്രഹം പ്രതിഷ്ഠിക്കാൻ മുഹൂർത്തം കുറിക്കാറായി എന്ന് പറയുന്ന ഭക്തരോടാണ്..
പ്രതിസന്ധികളിൽ പാർട്ടിയെ നയിച്ച ധീര സഖാവല്ല പിണറായി..
സി പി എം ൻ്റെ ഏറ്റവും വലിയ പ്രതിസന്ധിയുടെ പേരാണ്..
പാർട്ടിയെ മുന്നോട്ട് നടത്തിയ വിപ്ലവകാരിയല്ല..
കാതങ്ങളോളം പുറകോട്ടടിച്ച പ്രതിലോമകാരിയാണ്..

തീ പോലെ പടർന്നു കയറിയ ചരിത്രമുള്ള ചെങ്കൊടി പ്രസ്ഥാനത്തെ .. ഇനിയൊരിക്കലുമാളാൻ കെൽപ്പില്ലാത്ത ഒരു തരി കനലു മാത്രമാക്കി മാറ്റിയ വമ്പൻ പരാജയമാണ്…

SHARE