പ്രവാസികളെ ഇപ്പോള്‍ തിരികെ കൊണ്ടുവരേണ്ടതില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കോവിഡ്19ന്റെ സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ കാര്യം അനിശ്ചിതത്വത്തില്‍. പ്രവാസികളെ തല്‍ക്കാലം തിരിച്ചുകൊണ്ടുവരേണ്ടതില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.

വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടുള്ള എല്ലാ ഹര്‍ജികളും പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു.കേസ് നലാഴ്ചക്ക് ശേഷമേ പരിഗണിക്കൂ. നാലാഴ്ചക്കകം സ്ഥിതി എന്താണെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു.

നേരത്തെ വിദേശത്തുള്ളവരെ തിരിച്ചെത്തിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇപ്പോള്‍ യാത്ര അനുവദിച്ചാല്‍ അത് സര്‍ക്കാര്‍ നടപ്പാക്കുന്ന യാത്രാവിലക്കിന് എതിരാകുമെന്നും കൊണ്ടുവരാനാകില്ലെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.

ഗള്‍ഫിലും ഇംഗ്ലണ്ടിലും അമേരിക്കയിലും ഇറാനിലും അടക്കം വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഇറാനില്‍ കുടുങ്ങിയ മത്സ്യ തൊഴിലാളിയുടെ ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ആദ്യം വാദം തുടങ്ങിയത്. ഇറാനില്‍ 6000 മത്സ്യ തൊഴിലാളികള്‍ കുടുങ്ങിയിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറുപടി നല്‍കി. ഈ കേസില്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ അനുമതി വേണമെന്ന് തുഷാര്‍മേത്ത കോടതിയോട് ആവശ്യപ്പെട്ടു.

യുകെയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും കോടതി പരിഗണിച്ചു. ഇതിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നുണ്ടെന്നും യുകെയില്‍ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കി. സുരക്ഷിതരാണെങ്കില്‍ പിന്നെ എന്തിനാണ് വരുന്നതെന്ന് ജസ്റ്റിസ് നാഗേശ്വര്‍ റാവു ചോദിച്ചു. സുരക്ഷിതരാണെങ്കില്‍ എവിടെയാണോ ഉള്ളത്, അവിടെ തുടരണമെന്ന് കോടതി പറഞ്ഞു.

SHARE