സഊദിയില്‍ പുതുതായി 1141 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു; ഫീല്‍ഡ് പരിശോധനക്ക് 150 ലധികം സംഘങ്ങള്‍

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: കോവിഡ് സഊദിയില്‍ ഇന്ന് അഞ്ച് വിദേശികള്‍ കൂടി മരണപെട്ടതോടെ കോവിഡ് ബാധിച്ച് സഊദിയില്‍ ആകെ മരിച്ചവരുടെ എണ്ണം 114 ആയി. 1141 പേര്‍ക്ക് രോഗബാധ കണ്ടെത്തിയതോടെ ആകെ രോഗബാധിതരുടെ എണ്ണം 12772 ആയതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ . മുഹമ്മദ് അല്‍ അബ്ദുല്‍ അലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മക്കയിലുള്ളവരാണ് മരിച്ച അഞ്ച് വിദേശികളും. ഇന്ന് 172 പേര്‍ കൂടി രോഗമുക്തി നേടിയതോടെ 1812 പേര്‍ക്ക് രോഗം പൂര്‍ണ്ണമായി ഭേദമായി ആസ്പത്രി വിട്ടതായും അദ്ദേഹം അറിയിച്ചു. 10846 പേര്‍ വിവിധയിടങ്ങളിലായി ആസ്പത്രികളിലുണ്ട്. 82 പേരുടെ നില ഗുരുതരമാണ് . മേഖലാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മക്കയില്‍ തന്നെയാണ് . മക്ക 315, ഹൊഫൂഫ് 240 , റിയാദ് 164 , മദീന 137 , ജിദ്ദ 114 , ദമ്മാം 61 , തബൂക്ക് 35 , ദഹ്‌റാന്‍ 26 , ബിഷ 18 , തായിഫ് 14 , അല്‍ഖര്‍ജ് 3 , അല്‍തുവാല്‍ 2 , സബിയ 2 , ഹയില്‍ 2 , ഹാഇല്‍ 2 , അല്‍ഖുറയാത്ത് 1, ശറൂറ 1 , അല്‍ഹദ 1 , അല്‍വജ 1 , അല്‍ജഫര്‍ 1 , ഉഖ്‌ലത് അല്‍സുഗൂര്‍ 1, മിദ്‌നബ് 1, യാമ്പു 1 എന്നിവിടങ്ങളിലാണ് ഇന്ന് രോഗബാധ കണ്ടെത്തിയത്.

മക്കയില്‍ മാത്രം ഇതുവരെ 3172 കേസുകളാണ് കണ്ടെത്തിയത്. ഇവരില്‍ 345 പേര്‍ക്ക് രോഗശമനമുണ്ടായി. റിയാദ് 2522 കോവിഡ് കേസുകള്‍ കണ്ടെത്തിയപ്പോള്‍ 620 പേര്‍ക്ക് ഭേദമായി. മറ്റു പ്രധാന നഗരങ്ങളിലെ ആകെ രോഗബാധിതരുടെ എണ്ണം : മദീന 2245 , ജിദ്ദ 2049 , ദമാം 825 , ഹൊഫൂഫ് 773 , ഖതീഫ് 198 എന്നിങ്ങനെയാണ്. ഫീല്‍ഡ് ടെസ്റ്റിംഗ് തുടങ്ങിയ ശേഷമാണ് രോഗബാധയുള്ളവരുടെ ആയിരം കവിയാന്‍ തുടങ്ങിയത് . ആരോഗ്യമന്ത്രാലയം സ്വീകരിച്ച ഈ നടപടി പരക്കെ സ്വാഗതം ചെയ്യപ്പെടുന്നുണ്ട്. രോഗം നിര്‍ണ്ണയിക്കാന്‍ കഴിയാതെ അസുഖബാധിതര്‍ ആസ്പത്രികളില്‍ ചികിത്സ തേടാതിരിക്കുന്ന സാഹചര്യത്തില്‍ മന്ത്രാലയത്തിന്റെ ഈ നീക്കം ഒട്ടേറെ പേരെ കണ്ടെത്താന്‍ സഹായിച്ചു. രാജ്യമൊട്ടാകെ നൂറ്റമ്പതിലധികം മെഡിക്കല്‍ സംഘങ്ങള്‍ അഞ്ച് ലക്ഷത്തിലധികം പേരില്‍ പരിശോധന നടത്തി കഴിഞ്ഞു . രണ്ട് ലക്ഷത്തിലധികം പി സി ആര്‍ ടെസ്റ്റ് ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു .

SHARE