സൗദിയില്‍ റിയാദ് അടക്കം നിരവധി നഗരങ്ങളില്‍ കര്‍ഫ്യൂ; കോവിഡ് കേസുകള്‍ 2605 ആയി വര്‍ദ്ധിച്ചു

റിയാദ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തലസ്ഥാനമായ റിയാദ് അടക്കമുള്ള പ്രധാന നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് സൗദി ഭരണകൂടം. തിങ്കളാഴ്ച അര്‍ദ്ധ രാത്രി മുതല്‍ കര്‍ഫ്യൂ നിലവില്‍ വന്നു.
റിയാദിന് പുറമേ, തബൂക്, ദമ്മാം, ദഹ്‌റാന്‍, ഹൊഫൂഫ് എന്നീ നഗരങ്ങളില്‍ കൂടി ഏര്‍പ്പെടുത്തി. ഭാഗിക കര്‍ഫ്യു നിലവിലുണ്ടായിരുന്ന തായിഫ്, ജിദ്ദ, ഖതീഫ്, അല്‍ഖോബാര്‍ എന്നിവിടങ്ങളില്‍ എല്ലാ പ്രദേശങ്ങളെയും കര്‍ഫ്യുവില്‍ ഉള്‍പ്പെടുത്തി.
ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം മുന്‍കരുതല്‍ എന്ന നിലയിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പൊതു-സ്വകാര്യ മേഖലകളില്‍ എല്ലാം ഉത്തരവ് ബാധകമാണ്.
കാറിനുള്ളില്‍ ഡ്രൈവര്‍ അടക്കം രണ്ടു പേരെയേ അനുവദിക്കൂ. താമസ സ്ഥലത്തിന് അടുത്തുള്ള സ്ഥാപനങ്ങളാണ് അവശ്യസേവനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തേണ്ടത്. ഫാര്‍മസി, ഭക്ഷ്യവിതരണം, ഗ്യാസ് സ്റ്റേഷന്‍, ബാങ്കിങ് സര്‍വീസ്, പ്ലംബിങ്, ഇലക്ട്രിസിറ്റി, എയര്‍കണ്ടീഷന്‍, ജലവിതരണ സേവനം, ശുചീകരണം എന്നിവയ്ക്ക് മാത്രമാണ് ഇളവുള്ളത്.
അവശ്യ സര്‍വീസുകള്‍ക്കും ജോലിക്കുമായി പുറത്തിറങ്ങുന്നവര്‍ അവരുടെ അനുമതി പത്രവും തിരിച്ചറിയല്‍ കാര്‍ഡും കൈവശം വയ്ക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ, സൗദി അറേബ്യയില്‍ കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം വീണ്ടും വര്‍ധിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പുതുതായി 82 പേര്‍ക്ക് കൂടെ രോഗം സ്ഥിരീകരിച്ച് ആകെ ബാധിച്ചവരുടെ എണ്ണം 2605 ആയി.
തിങ്കളാഴ്ച നാലു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരിച്ചവരുടെ എണ്ണം 38 ആയി.