സ്വപ്‌ന കുടുംബം തകര്‍ത്തു, മകളെ വളര്‍ത്താനായി മാത്രമാണ് ജീവിക്കുന്നത്; സരിതിന്റെ ഭാര്യ

കൊച്ചി: സ്വപ്‌ന സുരേഷ് തന്റെ കുടുംബ ജീവിതം തകര്‍ത്തെന്ന് സ്വര്‍ണ കള്ളക്കടത്തു കേസിലെ കൂട്ടു പ്രതിയായ സരിത് കുമാറിന്റെ ഭാര്യ. കഴിഞ്ഞ രണ്ടു വര്‍ഷമായി ഭര്‍ത്താവുമായി അകന്നു കഴിയുകയാണെന്നും മകളെ വളര്‍ത്താനായി മാത്രമാണ് താന്‍ ജീവിക്കുന്നതെന്നും അവര്‍ പറഞ്ഞു.

സ്വര്‍ണക്കടത്തു കേസില്‍ ഉള്‍പെട്ട സ്വപ്ന സുരേഷിനെ ഏറെ ഭയപ്പെട്ടിരുന്നതായി മൂത്ത സഹോദരന്‍ ബ്രൈറ്റ് സുരേഷും പറയുന്നു. യുഎസില്‍ ജോലി ചെയ്യുന്ന ബ്രൈറ്റ്, അബുദാബിയില്‍ രാജകുടുംബത്തിലെ ഉദ്യോഗസ്ഥനായിരുന്ന പിതാവിനൊപ്പമാണു 17 വയസ്സുവരെ കഴിഞ്ഞത്.

‘ഏറെക്കാലമായി സ്വപ്നയോട് അടുപ്പമില്ല. ചെറുപ്പം മുതല്‍ കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നു. കയ്യും കാലും വെട്ടുമെന്നും പിന്നെ യാചിക്കേണ്ടി വരുമെന്നും ഏറ്റവും ഒടുവില്‍ നാട്ടിലെത്തിയപ്പോള്‍ സ്വപ്ന ഭീഷണിപ്പെടുത്തി. കുടുംബസ്വത്തു ചോദിക്കാന്‍ എത്തിയതാണെന്നു തെറ്റിദ്ധരിച്ചായിരുന്നു ഭീഷണി’ വെളിപ്പെടുത്തി.

‘എനിക്കു മനസ്സിലാക്കാന്‍ കഴിയാത്തത്ര വലിയ സ്വാധീനം സ്വപ്നക്കുണ്ടായിരുന്നു. നാട്ടില്‍ തുടരുന്നത് അപകടമാണെന്ന് അടുത്ത ബന്ധുക്കള്‍ ഉപദേശിച്ചതോടെ ഉടന്‍ യുഎസിലേക്കു മടങ്ങി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പിന്നീടു നാട്ടില്‍ എത്തിയിട്ടില്ല’.

‘എന്റെ അറിവില്‍ സ്വപ്ന പത്താം ക്ലാസ് പാസായിട്ടില്ല. എന്നിട്ടും യുഎഇ കോണ്‍സുലേറ്റില്‍ ജോലി നേടിയത് ഒരുപക്ഷേ, അവരുടെ സ്വാധീനം ഉപയോഗിച്ചാകാം. പിതാവിന്റെ മരണശേഷവും ഞാനും ഇളയസഹോദരനും കുടുംബസ്വത്തില്‍ അവകാശം ഉന്നയിച്ചിട്ടില്ല’ – ബ്രൈറ്റ് പറഞ്ഞു.

SHARE