കരിപ്പൂര്‍ വിമാനദുരന്തത്തില്‍ അനുശോചനം അറിയിച്ച് റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ പുടിന്‍

മോസ്‌കോ: 18 പേര്‍ മരിച്ച കരിപ്പൂര്‍ വിമാനദുരന്തത്തില്‍ അനുശോചനം അറിയിച്ച് റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ പുടിന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവരെയാണ് പുടിന്‍ അനുശോചനം അറിയിച്ചത്.

‘കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ ദുരന്തത്തില്‍ ഞങ്ങളുടെ അനുശോചനം സ്വീകരിക്കുക. ഇരകളുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പിന്തുണയും സഹാനുഭൂതിയും അറിയിക്കുന്നു. ദുരന്തത്തില്‍ പരിക്കേറ്റവര്‍ എത്രയും വേഗത്തില്‍ സുഖപ്പെടട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു’ – റഷ്യന്‍ പ്രസിഡണ്ട് പുറത്തിറക്കിയ പ്രസ്താവന പറയുന്നു.

വെള്ളിയാഴ്ച വൈകിട്ടാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. കനത്ത മഴയില്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് വിമാനം അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ സിവില്‍ വ്യോമയാന മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.