അമേരിക്കയില്‍ വീണ്ടും കറുത്തവര്‍ഗക്കാരന്‍ മരിച്ചു; ആത്മഹത്യയെന്ന് പൊലീസ്

വാഷിങ്ടണ്‍: കാലിഫോര്‍ണിയയില്‍ റോബര്‍ട്ട് ഫുള്ളര്‍ എന്ന 24 വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ലോസ് ആഞ്ചലസ് കൗണ്ടിയിലെ പാംഡേല്‍ നഗരത്തിലെ പാംഡേല്‍ സിറ്റി ഹാളിന് പുറത്തുള്ള ഒരു മരത്തിന്റെ കൊമ്പില്‍ തൂങ്ങി മരിച്ച നിലയിലാണ് ജൂണ്‍ 10ന് പുലര്‍ച്ചെ മൂന്നരയോടെ ഫുള്ളറെ കണ്ടത്. ഫുള്ളര്‍ ആത്മഹത്യ ചെയ്!തതാണെന്നാണ് പോലീസ് പറഞ്ഞതെന്ന് ലോസ് ആഞ്ചലസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്!തു. ഇത് പ്രാഥമിക നിഗമനം മാത്രമാണെന്നും പൂര്‍ണമായ മൃതദേഹ പരിശോധന നടന്നാല്‍ മാത്രമെ മരണകാരണം വ്യക്തമാകൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫുള്ളര്‍ ആത്മഹത്യ ചെയ്താണെന്നാണ് ലോസ് ആഞ്ചലസ് ഭരണകൂടവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

ആഫ്രോ അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ലോയിഡ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം അടങ്ങിയിട്ടില്ല. ഫ്‌ലോയിഡ് കൊല്ലപ്പെട്ട മിനിയാപൊലിസില്‍ തുടങ്ങിയ പ്രക്ഷോഭം അമേരിക്ക മുഴുവന്‍ ആളിക്കത്തി ലോകം മുഴുവന്‍ പടരുകയാണ്. 20 ദിവസം പിന്നിടുമ്പോഴും ലോകം മുഴുവന്‍ വര്‍ണവിവേചനത്തിരായ പോരാട്ടം ശക്തിപ്രാപിക്കുകയാണ്. അടിമത്വത്തിന്റെ അവശേഷിപ്പുകളായ പ്രതിമകള്‍ തകര്‍ത്തും കറുത്തവര്‍ക്കായി മുദ്രാവാക്യം മുഴക്കിയും ജനങ്ങള്‍ തെരുവുകളില്‍ നിറയുകയാണ്.

അതേസമയം, റോബര്‍ട്ട് ഫുള്ളറിന്റെ മരണം ആത്മഹത്യയാണെന്ന് സ്ഥാപിക്കാന്‍ പോലീസ് തിടുക്കം കാണിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. അതുകൊണ്ടാണ് വിശദമായ ഓട്ടോപ്!സി നടക്കുന്നതിന് മുമ്പുതന്നെ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നതെന്നാണ് ഫുള്ളറിന്റെ ബന്ധുക്കളും സമുദായ അംഗങ്ങളും കുറ്റപ്പെടുത്തി. ഫുള്ളറിനെ പോലീസുകാര്‍ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് സംശയിക്കുന്നതായും അവര്‍ പറയുന്നു. സത്യം പുറത്തുവരുന്നതുവരെ പ്രതിഷേധം തുടരാനാണ് ഫുള്ളറിന്റെ ബന്ധുക്കളുടെയും നാട്ടുകാരുടെയും തീരുമാനം.