റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലെത്തി


ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്നെത്തിയ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ മണ്ണിലിറങ്ങി. അഞ്ച് റഫാല്‍ വിമാനങ്ങള്‍ ഹരിയാനയിലെ അംബാല വ്യോമതാളത്തിലാണ് പറന്നിറങ്ങിയത്. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ഭദരിയ റഫാലിനെ സ്വീകരിക്കാന്‍ അംബാലയിലെത്തിയിരുന്നു.

റഫാലിന്റെ സ്വീകരണത്തോട് അനുബന്ധിച്ച് പടിഞ്ഞാറന്‍ അറബിക്കടലില്‍ ഐഎന്‍എസ് കൊല്‍ക്കത്ത യുദ്ധക്കപ്പലിനെ വിന്യസിക്കുകയും ചെയ്തിരുന്നു.

രണ്ട് സുഖോയ്-30 എംകെഐ അകമ്പടിയോടെയാണ് അഞ്ചു റഫാല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ മണ്ണിലേക്കെത്തിയത്. ഇന്ത്യന്‍ മണ്ണിലേയ്ക്ക് ഇറക്കുന്നതിനു മുമ്പ് ഹെലികോപ്ടറുകള്‍ നിരീക്ഷണം നടത്തി സുരക്ഷിതത്വം ഉറപ്പാക്കിയിരുന്നു.

ഫ്രഞ്ച് തുറമുഖ നഗരമായ ബോര്‍ദോയില്‍ നിന്ന് 7,000 കിലോമീറ്റര്‍ പറന്നാണ് യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്. ഫ്രാന്‍സിലെ മെറിനിയാക് വ്യോമതാവളത്തില്‍ നിന്ന് തിങ്കളാഴ്ച രാത്രിയാണ് വിമാനങ്ങള്‍ അബുദാബി വ്യോമതാവളത്തിലെത്തിയത്. അബുദാബിയിലെ അല്‍ദഫ്ര വ്യോമതാവളത്തില്‍ നിന്ന് രാവിലെയാണ് വിമാനങ്ങള്‍ പുറപ്പെട്ടത്. 59,000 കോടി രൂപ മുടക്കിയാണ് 36 അത്യാധുനിക യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഡസോ ഏവിയേഷനുമായി ഇന്ത്യ ഒപ്പിട്ടത്.

SHARE