കോവിഡ് കാലത്തെ മണല്‍ക്കൊള്ള

രമേശ് ചെന്നിത്തല
(പ്രതിപക്ഷ നേതാവ്)

കോവിഡ് ഭീതിയില്‍ നാടാകെ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ഇതുതന്നെ അവസരം എന്ന നിലയില്‍ തുടര്‍ച്ചയായി കൊള്ള നടത്താനുള്ള സര്‍ക്കാരിന്റെ ശ്രമം അമ്പരപ്പിക്കുന്നതാണ്. നാടിന്റെ രക്ഷകനെ പോലെ സംസാരിച്ചു കൊണ്ടുതന്നെയാണ് മുഖ്യമന്ത്രി ഈ ഹീന കൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് എന്നാണെന്ന് അത്ഭുതം. നമ്മുടെ ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ സ്പ്രിംഗ്ലര്‍ എന്ന അമേരിക്കന്‍ കമ്പനിക്ക് മറിച്ചുവില്ക്കാന്‍ നടത്തിയ ശ്രമമാണ് ആദ്യത്തേത്. ലോക്ക്ഔട്ട് കാരണം നിര്‍ത്തിവച്ചിരുന്ന മദ്യവില്പന പുനരാരംഭിക്കുന്നതിന് വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷനായ ബെവ്ക്യു ആപ്പ് തയ്യാറാക്കുന്നതിന് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി സാങ്കേതിക വൈദഗ്ധ്യമില്ലാത്ത സി.പി.എം സഹയാത്രികന്റെ കമ്പനിക്ക് കരാര്‍ നല്‍കി കോടികള്‍ തട്ടാന്‍ ശ്രമിച്ചതാണ് രണ്ടാമത്തേത്. ആ ആപ്പ് കുളമായി. ഇപ്പോഴും അത് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമല്ല. ആപ്പ് പ്രതീക്ഷിച്ചതു പോലെ ബിവറേജസ് കോര്‍പ്പറേഷന് കനത്ത നഷ്ടവും വരുത്തിവച്ചു. ഈ ശ്രേണിയിലെ മൂന്നാമത്തെ തട്ടിപ്പാണ് പ്രതിപക്ഷം ഇപ്പോള്‍ പിടികൂടിയ പമ്പയിലെ മണല്‍ കടത്ത്.

2018 ലെ മനുഷ്യനിര്‍മ്മിതമായ മഹാപ്രളയത്തില്‍ പമ്പയില്‍ അടിഞ്ഞുകൂടിയ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഒരു ലക്ഷത്തിലേറെ ഘനമീറ്റര്‍ മണല്‍ കണ്ണൂരിലെ പൊട്ടിപ്പൊളിഞ്ഞ ഒരു പൊതുമേഖലാ സ്ഥാപനത്തെ മുന്‍നിര്‍ത്തി സ്വകാര്യ വ്യക്തികള്‍ക്ക് സൗജന്യമായി നല്‍കാനുള്ള നീക്കമായിരുന്നു ഇത്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുമ്പോള്‍, കോവിഡ് പ്രതിരോധത്തിനായി പിഞ്ചുകുഞ്ഞുങ്ങളുടെ കുടുക്കയിലെ ചില്ലിക്കാശ് പോലും സര്‍ക്കാര്‍ വാങ്ങി എടുക്കുമ്പോഴാണ് കോടികളുടെ മണല്‍ വെറുതെ മറിച്ചു നല്‍കാന്‍ തീരുമാനിച്ചത്.

വളരെ ആഴത്തിലും ആസൂത്രിതവുമായ ഗൂഢാലോചന ഈ തട്ടിപ്പിന് പിന്നില്‍ ഉണ്ടായെന്ന് ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ് ചീഫ് സെക്രട്ടറി ടോം ജോസും പുതിയ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയും ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയും ഹെലികോപ്റ്ററില്‍ പമ്പയിലേക്ക് നടത്തിയ ദുരൂഹയാത്രയാണ് ഈ കൊള്ളയ്ക്ക് വഴി തുറന്നത്. തുടര്‍ന്ന് മെയ് 30ന് പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ കണ്ണൂരിലെ കേരള ക്ലെയിസ് ആന്‍ഡ് സെറാമിക് പ്രോഡക്ട്സ് എന്ന കമ്പനിക്ക് ഈ മണല്‍ സൗജന്യമായി നീക്കംചെയ്യുന്നതിന് അനുവദിച്ചുകൊണ്ട് ഉത്തരവ് നല്‍കി. ഈ സ്ഥലവും മണലും വനംവകുപ്പിന്റെ അധീനതയിലും ഉടമസ്ഥതയിലുമുള്ളതാണ്. എന്നിട്ടും വനംവകുപ്പോ വനം മന്ത്രിയോ അറിയാതെയാണ് ഈ തീരുമാനമെടുത്തത് എന്നത് ഇതിന് പിന്നിലെ കള്ളക്കളിയിലേക്ക് വിരല്‍ചൂണ്ടുന്നു.

യഥാര്‍ത്ഥത്തില്‍ സംസ്ഥാന മന്ത്രിസഭയുടെ തീരുമാനപ്രകാരം പമ്പയില്‍ 2018 പ്രളയകാലത്ത് അടിഞ്ഞുകൂടിയ മാലിന്യവും മണ്ണും മണലും നീക്കം ചെയ്യാന്‍ വനംവകുപ്പ് നിയമാനുസൃതമായി കൈക്കൊണ്ട നടപടികള്‍ നിലനില്‍ക്കെയാണ് അവരുടെ തലയ്ക്കു മുകളിലൂടെ ഈ മണല്‍ സൗജന്യമായി മറിച്ചു നല്‍കാന്‍ ഉന്നതതലത്തില്‍ തീരുമാനമുണ്ടായത്. 2.5.2019 ഐറ്റം നമ്പര്‍ 3625 എന്ന അജണ്ടയില്‍ ഈ മണല്‍ എങ്ങനെ ലേലം ചെയ്തു വില്‍ക്കണമെന്ന് ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് 20,000 ഘനമീറ്റര്‍ മണല്‍ നല്‍കാനും 15,000 ഘനമീറ്റര്‍ നേരിട്ട് വാങ്ങാന്‍ എത്തുന്നവര്‍ക്ക് ലേലം വഴി നല്‍കാനും 55,000 ഘനമീറ്റര്‍ ഇ-ടെന്‍ഡറി ലൂടെ വില്‍പ്പന നടത്താനുമാണ് മന്ത്രിസഭ തീരുമാനിച്ചത്. ഇതിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2019 ഫെബ്രുവരി 26 ന് ഒറ്റത്തവണ അനുമതി നല്‍കുകയും ചെയ്തിരുന്നു. ഇതനുസരിച്ചുള്ള മന്ത്രിസഭയുടെ തീരുമാനം നിലനില്‍ക്കുമ്പോള്‍ എന്തിന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രയോഗിച്ച് വനം വകുപ്പ് അറിയാതെ ഈ മണല്‍ തട്ടാന്‍ ശ്രമിച്ചു എന്നതാണ് കാതലായ ചോദ്യം.

മണല്‍ വാരാന്‍ കരാര്‍ നേടിയ കണ്ണൂരിലെ പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേസ് ആന്റ് സിറാമിക് പ്രോഡക്ട്സിന് ഈ മണല്‍ നീക്കം ചെയ്യാനുള്ള സാങ്കേതിക സജ്ജീകരണങ്ങളോ, പ്രാപ്തിയോ, സൗകര്യങ്ങളോ ഇല്ലെന്ന് അതിന്റെ ചെയര്‍മാനായ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ. ഗോവിന്ദന്‍ പരസ്യമായി വ്യക്തമാക്കിയിട്ടുള്ളതാണ്. പകരം കോട്ടയത്തെ ഒരു സ്വകാര്യ കമ്പനിക്കാണ് അവര്‍ മണല്‍ നീക്കം ചെയ്യാന്‍ ഉപകരാര്‍ നല്കിയത്. അവരാണ് സര്‍ക്കാര്‍ തീരുമാനം വരാത്ത താമസം മിന്നല്‍ വേഗത്തില്‍ മണല്‍ നീക്കം ചെയ്യാന്‍ തുടങ്ങിയത്. ഇതോടെ ഈ നീക്കത്തിന്റെ ലക്ഷ്യവും അഴിമതിയും പൂര്‍ണ്ണമായും വെളിച്ചത്ത് വന്നു.

നേരത്തെ കെല്‍ട്രോണ്‍ എന്ന പൊതുമേഖലാ സ്ഥാപനത്തെ മുന്‍നിര്‍ത്തി ഡി.ജി.പിയുടെ നേതൃത്വത്തില്‍ നടന്ന വന്‍കൊള്ളയുടെ തനി ആവര്‍ത്തനമാണ് ഇവിടെയും നടന്നത്. മണല്‍ കൊള്ള സംബന്ധിച്ച വിവരം ഞാന്‍ ജൂണ്‍ 2 ന് പുറത്തുവിട്ടതോടെയാണ് വനം വകുപ്പുപോലും ഇക്കാര്യം അറിയുന്നത്. അന്നു തന്നെ വനം വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ് ഐ.എ.എസ് മണല്‍ വനത്തിന് പുറത്തു കൊണ്ടുപോകുന്നത് തടഞ്ഞുകൊണ്ട് ഉത്തരവിറക്കി. ഇതോടെ മണലെടുക്കുന്നതില്‍ നിന്ന് തങ്ങള്‍ പിന്മാറുന്നതായി ക്ലേഡ് ആന്‍ഡ് സിറാമിക് പ്രോഡക്ട്റ്റ് ചെയര്‍മാന്‍ ഗോവിന്ദന്‍ പ്രഖ്യാപിച്ചു. അതിന് അദ്ദേഹം പറഞ്ഞ കാരണം ശ്രദ്ധിക്കേണ്ടതാണ്. ഇവിടെ നിന്ന് നീക്കം ചെയ്യുന്ന മണ്ണ് തങ്ങള്‍ക്ക് കൈവശം വയ്ക്കാനോ, വില്ക്കാനോ കഴിയുന്നില്ലെങ്കില്‍ തങ്ങള്‍ അതില്‍ നിന്ന് പിന്മാറുന്നു എന്നാണ് ചെയര്‍മാന്‍ പറഞ്ഞത്. പമ്പയില്‍ നിന്ന് ശേഖരിക്കുന്ന മണല്‍ വില്ക്കുക തന്നെയായിരുന്നു ലക്ഷ്യമെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ.

വനം വകുപ്പ് മന്ത്രി കെ.രാജു അറിയാതെയാണ് അദ്ദേഹത്തിന്റെ വകുപ്പു സംബന്ധിച്ച മന്ത്രിസഭാ തീരുമാനം അട്ടിമറിക്കപ്പെട്ടത്. പഴയ ചീഫ് സെക്രട്ടറിയും പുതിയ ചീഫ് സെക്രട്ടറിയും ഡി.ജി.പി.യും പറന്നത് രാജുവിന്റെ തലയ്ക്ക് മുകളിലൂടെയായിരുന്നു. മന്ത്രിസഭയിലെ രണ്ടാം കക്ഷിയുടെ വകുപ്പില്‍ കടന്നുകയറി കൊള്ളയ്ക്ക് വഴി തുറക്കാന്‍ ഈ മൂവര്‍ സംഘത്തിന് ധൈര്യം നല്‍കിയത് ആരാണ് എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. അവര്‍ സ്വന്തം നിലയ്ക്ക് കോടികളുടെ മണല്‍ മിറച്ചുവില്ക്കാന്‍ തീരുമാനമെടുക്കുമെന്ന് കരുതേണ്ടതില്ല. ഭരണത്തിന്റെ തലപ്പത്തെ പ്രബലന്മാരുടെ പിന്‍ബലവും നിര്‍ദ്ദേശവും വേണം. അപ്പോള്‍ ഈ കൊള്ളയിലെ യഥാര്‍ത്ഥ വില്ലന്‍ ഇനിയും പുറത്തു വരാന്‍ ഇരിക്കുന്നതേയുള്ളു.

മണല്‍ കടത്താനുള്ള തീരുമാനം വനം വകുപ്പ് സെക്രട്ടറി തടഞ്ഞതിനെപ്പറ്റി വൈകിട്ടത്തെ വാര്‍ത്താ സമ്മേളനത്തില്‍ വാര്‍ത്താ ലേഖകര്‍ ചോദിച്ചപ്പോള്‍ അരിശം മറച്ചു പിടിക്കാതെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശവും അഴിമതിയുടെ ഉള്ളറകളിലേക്ക് വിരല്‍ ചൂണ്ടുന്നു. വനത്തിന് നടുവിലൂടെ ഒഴുകുന്ന പുഴയാണെങ്കിലും അതിലെ അവകാശം തങ്ങള്‍ക്കാണെന്ന് വനം വകുപ്പ് തെറ്റിദ്ധരിച്ചിരിക്കുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് എങ്ങനെ ഇത് പറയാന്‍ കഴിഞ്ഞു? 1980 ലെ ഇന്ത്യന്‍ ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ട് ഒന്നു മറിച്ചുനോക്കുകയെങ്കിലും മുഖ്യമന്ത്രിക്ക് ചെയ്യാമായിരുന്നില്ലേ? ഈ ആക്ടിന്റെ രണ്ടാം വകുപ്പില്‍ എല്ലാം വ്യക്തമായി പറയുന്നുണ്ട്. വനത്തിലെ എന്തും, അത് നദിയായാലും, തടിയായാലും മണലായാലും അത് വനത്തിന്റെ അധീനതയിലാണ് വരുന്നത്. അതു നീക്കം ചെയ്യാന്‍ കഴിയും. പക്ഷേ, വനാതിര്‍ത്തിക്ക് പുറത്തുകൊണ്ടുപോകാനോ, വില്ക്കാനോ പറ്റില്ല. അതിന് നിയമാനുസൃതമുള്ള നടപടിക്രമം പാലിക്കണം. ഇതനുസരിച്ചാണ് വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചത്. അതിന് നേരെ മുഖ്യമന്ത്രി കണ്ണുരുട്ടിയിട്ട് കാര്യമില്ല. മണല്‍ കൊണ്ടു പോവുകതന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വീമ്പിളക്കിയാലും നടക്കുന്ന കാര്യമല്ല.
കണ്‍സര്‍വേഷന്‍ ഓഫ് ഫോറസ്റ്റ് ആക്റ്റ് സെക്ഷന്‍ രണ്ട് പ്രകാരം വനത്തിലെ മണല്‍ വില്‍ക്കുന്നതിന് മൂന്ന് സുപ്രധാന നിബന്ധനകള്‍ പാലിക്കപ്പെടേണ്ടതുമുണ്ട്. 1. കേന്ദ്ര സര്‍ക്കാരിന്റെ അനുവാദം, 2. സാന്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ട്, 3. ഉപദേശ സമിതിയുടെ അനുമതി. ഈ നിബന്ധനകള്‍ പാലിക്കാതെയാണ് തട്ടിപ്പിന് ശ്രമിച്ചത്.

ഇക്കാര്യത്തിലുണ്ടായ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അടിയന്തിര ഇടപെടല്‍ പ്രതിപക്ഷം ഉന്നയിച്ച വിഷയം എത്രമാത്രം ഗൗരവമുള്ളതെന്ന് തെളിയിക്കുന്നു. പ്രശ്നത്തില്‍ ഹരിത ട്രിബ്യൂണല്‍ അന്വേഷണം പ്രഖ്യാപിക്കുകയും അതിനായി ഒരു സംയുക്ത കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.

2018 ല്‍ കേരളത്തിന്റെ അടിത്തറ തകര്‍ത്ത മഹാപ്രളയത്തില്‍ പമ്പയുടെ ഗതിതന്നെ തെറ്റിച്ചുകൊണ്ട് അവിടെ അടിഞ്ഞുകൂടിയ മാലിന്യവും മണ്ണും നീക്കം ചെയ്ത്, പാവനമായ പമ്പാ ത്രിവേണിയെ പൂര്‍വ്വസ്ഥിതിയിലാക്കണമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. യുദ്ധകാലാടിസ്ഥാനത്തില്‍ അന്ന് തന്നെ ചെയ്യേണ്ട അക്കാര്യം രണ്ടുവര്‍ഷം വരെ വച്ചു താമസിപ്പിച്ചത് എന്തിന് വേണ്ടിയായിരുന്നു? സര്‍ക്കാരിന്റെ കാര്യക്ഷമ ഇല്ലായ്മ മാത്രമല്ല, ഇതിന് പിന്നില്‍. കോടികള്‍ വിലപിടിപ്പുള്ള ഈ സ്വത്ത് കൊള്ളയടിക്കാന്‍ പറ്റിയ സമയം കാത്തിരിക്കുകയായിരുന്നു സര്‍ക്കാര്‍. കോവിഡിന്റെ ഭീതിയും അടുത്ത പ്രളയത്തിന്റെ ഭീഷണിയും ഒത്തു ചേര്‍ന്നത് അതിനുള്ള നല്ല സമയമായി കണ്ടു. അതിന് വേണ്ടിയായിരുന്നു തിരക്കിട്ട് മൂവര്‍ സംഘം ഉന്നതരുടെ നിര്‍ദ്ദേശാനുസരണം ഹെലികോപ്റ്റര്‍ യാത്ര നടത്തിയത്. ആരാണ് ആ നിര്‍ദ്ദേശം നല്‍കിയത് എന്നതാണ് ഇനി പുറത്തു വരേണ്ട കാര്യം.

മണല്‍ കടത്തുന്നതിന് മറയായി മുന്നില്‍ നിര്‍ത്തിയ പൊതുമേഖലാ സ്ഥാപനം കാര്യം നടക്കുന്നില്ലെന്ന് കണ്ടപ്പോള്‍ പിന്‍വാങ്ങിയതു കൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല. സംസ്ഥാനത്തെ നദികളുടേയും പരിസ്ഥിതിയുടേയും നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന തരത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിക്കുന്ന നീക്കത്തിനാണ് ദുരന്തരനിവാരണ നിയമത്തെ കൂട്ടുപിടിച്ച് ഇവിടെ തുടക്കം കുറിച്ചത്. പൊതുഖജനാവിലേക്ക് ഏത്തേണ്ട കോടിക്കണക്കിന് രൂപ കൊള്ളയടിക്കാനുള്ള ഗൂഢാലോചനയാണ് നടന്നത്. അതിന് ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരിക തന്നെ വേണം. പ്രതിപക്ഷത്തിന്റെ പോരാട്ടം അതിനായി തുടരും.

SHARE