രാജീവ് ഗാന്ധിയുടെ ഓര്‍മകളുമായി രാഹുലും പ്രിയങ്കയും

രക്തസാക്ഷിയായ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓര്‍മകള്‍ക്കു മുമ്പില്‍ ആദരവര്‍പ്പിച്ച് മകനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും.

രാജീവ് ഗാന്ധിക്കെതിരെ പരിധിവിട്ട ആരോപണമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പു ചര്‍ച്ച സൃഷ്ടിച്ചതിന്റെ പശ്ചാത്തലത്തിലാണ് രാജീവ് ഗാന്ധിയുടെ 28-ാം രക്തസാക്ഷിത്വദിനം കടന്നുവരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ, മൺമറഞ്ഞ ഇന്ത്യൻ രാഷ്ട്രീയനേതാക്കളിൽ ഏറ്റവുംമധികം അധിക്ഷേപിക്കപ്പെട്ടത് മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയായിരുന്നു.

തെരഞ്ഞെടുപ്പിലെ മോദിയുടെ ആരോപണങ്ങള്‍ക്ക് താന്‍ പറഞ്ഞ മറുപടികളെ ഓര്‍മിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധി തന്റെ പിതാവിനെ ഓര്‍മിച്ചിട്ട ട്വീറ്റ്.

‘എന്റെ അച്ഛന്‍ സൗമ്യനായിരുന്നു, സ്‌നേഹസമ്പന്നനായിരുന്നു, ദയാലുവായിരുന്നു, വാല്‍സല്യമുള്ളയാളായിരുന്നു. അദ്ദേഹമെന്നെ സ്‌നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിച്ചു. ഒരിക്കലും വെറുപ്പ് പുലര്‍ത്തരുതെന്ന് പഠിപ്പിച്ചു. ക്ഷമിക്കാന്‍ പഠിപ്പിച്ചു’ -ട്വീറ്റില്‍ രാഹുല്‍ പറഞ്ഞു.

‘നിങ്ങള്‍ എന്നുമെന്റെ ഹീറോ ആയിരിക്കും’ എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്.

അതേസമയം രാജീവ് ഗാന്ധിയുടെ 28-ാം രക്തസാക്ഷിത്വദിനത്തില്‍ ഭാര്യയും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയുമായ സോണിയാ ഗാന്ധി, മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ രാവിലെ വീര്‍ഭൂമിയിലെത്തി അദ്ദേഹത്തിന്റെ സ്മാരകത്തിലെത്തി ആദരമര്‍പ്പിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി എന്നിവരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും വീര്‍ഭൂമിയിലെത്തിയിരുന്നു.