രാജമല ദുരന്തം; 26 പേര്‍ മരിച്ചു, മൂന്ന് പേരെ തിരിച്ചറിഞ്ഞില്ല

ഇടുക്കി രാജമലയിലെ മണ്ണിടിച്ചിലില്‍ 26 പേര്‍ മരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആകെ 78 പേര്‍ അകപ്പെട്ട അപകടത്തില്‍ ഇന്നലെ പതിനഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇന്ന് പതിനൊന്ന് പേരുടെ കൂടി മൃതദേഹങ്ങളാണ് പെട്ടിമുടിയിലെ ദുരന്തസ്ഥലത്ത് നിന്നും കണ്ടെത്തിയത്. ഇതില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മൃതദേഹങ്ങള്‍ നേമക്കാട് തന്നെ സംസ്‌കരിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. എന്‍.ഡി.ആര്‍.എഫിന്റെ രണ്ട് ടീം പ്രദേശത്ത് ക്യാമ്പ് ചെയ്താണ് തിരച്ചില്‍ നടത്തുന്നത്. രക്ഷാദൗത്യത്തിന് സ്‌പെഷ്യല്‍ ട്രെയിനിങ്ങ് ലഭിച്ച നായ്ക്കളെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. തൃശ്ശൂരില്‍ നിന്ന് ബല്‍ജിയന്‍ മലിനോയിസ്, ലാബ്രഡോര്‍ എന്നീ ഇനത്തില്‍ പെട്ട നായ്ക്കളെ ഇതിനായി ഇടുക്കിയിലേക്ക് അയച്ചിട്ടുണ്ട്.

റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, വൈദ്യുതി മന്ത്രി എം.എം മണി എന്നിവര്‍ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായവും ചികിത്സ സര്‍ക്കാര്‍ ചെലവില്‍ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതെ സമയം രാജമലയില്‍ മരണപ്പെട്ട കുടുംബ അംഗങ്ങള്‍ക്ക് സര്‍ക്കാര്‍10 ലക്ഷം രൂപ നഷ്ടപരിഹാരം തല്‍കണമെന്നു ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

ഇന്നലെ പുലര്‍ച്ചെ 3 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. 30 മുറികളുള്ള 4 ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇവയില്‍ ആകെ 78 പേരാണ് താമസിച്ചിരുന്നത്. ഇവയില്‍ 12 പേര്‍ രക്ഷപ്പെട്ടു.

ദുരന്തത്തില്‍ മരിച്ചവര്‍

ഗാന്ധിരാജ്(48), ശിവകാമി(35), വിശാല്‍(12), മുരുകന്‍(46), രാമലക്ഷ്മി(40), മയില്‍സാമി(48), കണ്ണന്‍(40), അണ്ണാദുരൈ(44), രാജേശ്വരി(43), കൗസല്യ(25), തപസിയമ്മാള്‍(42), സിന്ധു(13), നിധീഷ്(25), പനീര്‍സെല്‍വം(50), ഗണേശന്‍(40) രാജ (35), വിജില (47), കുട്ടിരാജ് (48), പവന്‍ തായ് (52) ഷണ്‍മുഖ അയ്യന്‍ (58), മണികണ്ഡന്‍ (20), ദീപക് (18), പ്രഭ (55), ഒന്ന് (സ്ത്രീ) തിരിച്ചറിഞ്ഞിട്ടില്ല, മറ്റു രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല

SHARE