‘രക്ഷയ്ക്കായി അമ്മ കൈനീട്ടി’; ബോധം വന്ന് കണ്ണ് തുറന്നപ്പോള്‍ ദീപന് ആരുമില്ല

മൂന്നാര്‍ : ഇടുക്കി രാജമലയിലുണ്ടായ മണ്ണിടിച്ചിലില്‍ 17 പേരാണ് മരിച്ചത്. ഇന്നും തിരച്ചില്‍ തുടരുന്നുണ്ട്. ഒരു പ്രദേശത്തെ മുഴുവനായും ഇല്ലാതാക്കിയ ഉരുള്‍പൊട്ടല്‍ അനാഥമാക്കിയത് നിരവധി പേരെയാണ്. ബോധം തെളിഞ്ഞ നിമിഷത്തില്‍ അമ്മ പളനിയമ്മയുടെ ‘രക്ഷിക്കണേ…’ എന്ന കരച്ചിലാണ് ദീപന്‍ കേട്ടത്. അപ്പോള്‍ ദീപന്റെ കഴുത്തിനു താഴേയ്ക്ക് മണ്ണുമൂടിയിരുന്നു. കൂട്ടക്കരച്ചിലിനിടെ ഉറ്റവരെല്ലാം ദുരന്തപ്പുഴയില്‍ ഒഴുകിപ്പോകുന്നതും ആ ഇരുപത്തിയഞ്ചുകാരന് കാണേണ്ടിവന്നു. രാത്രി മുഴുവന്‍ മരണത്തോടും ഇരുട്ടിനോടും പടവെട്ടിയ ദീപനുനേര്‍ക്ക് രക്ഷാകരങ്ങളെത്തുമ്പോള്‍ നേരം പുലര്‍ന്നിരുന്നു.

കൈകാലുകള്‍ക്കും നടുവിനും പരിക്കേറ്റ് മൂന്നാറിലെ ടാറ്റാ ആശുപത്രിയില്‍ കിടന്ന് ആ ദുരന്തം വിവരിക്കുമ്പോള്‍ തന്റെ പ്രിയപ്പെട്ടവരെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയുണ്ട് ദീപന്. ഒന്‍പതുമാസം ഗര്‍ഭിണിയായ ഭാര്യ മുത്തുലക്ഷ്മിയുടെ വളകാപ്പ് ചടങ്ങ് (പ്രസവത്തിന് കൂട്ടിക്കൊണ്ടുപോകല്‍) വെള്ളിയാഴ്ച നടക്കേണ്ടതായിരുന്നു. അതിന്റെ ഒരുക്കത്തിലായിരുന്നു കുടുംബം. രാവിലെമുതല്‍ കനത്ത മഴയായിരുന്നു. പിറ്റേന്ന് ചടങ്ങുള്ളതിനാല്‍ എല്ലാവരും നേരത്തേ കിടന്നു. രാത്രി പത്തേമുക്കാലോടെയാണ് ഉരുള്‍പൊട്ടിയത്.

പിന്നെ ബോധം വരുമ്പോള്‍ അനങ്ങാന്‍പോലുമാകാതെ മണ്ണിനടിയിലായിരുന്നു ദീപന്‍. എങ്ങും കൂരിരുട്ട്. അമ്മ പളനിയമ്മയുടെ രക്ഷിക്കണേയെന്നുള്ള കരച്ചില്‍ കേള്‍ക്കാമായിരുന്നു. പക്ഷേ, തനിക്ക് ഒന്നും ചെയ്യാനായില്ലെന്ന് ദീപന്‍ കണ്ണീരോടെ പറഞ്ഞു. പുലര്‍ച്ചെ 5.45ന് അടുത്ത എസ്‌റ്റേറ്റ് ഡിവിഷനിലെ ഗണേശ്, തമ്പിദുരൈ, ദുരൈ, മുത്തുപാണ്ടി എന്നിവരെത്തിയാണ് ദീപനെ രക്ഷിച്ചത്.

ദേഹത്തെ ചെളിയെല്ലാം കഴുകി ആശുപത്രിയിലെത്തിക്കുമ്പോള്‍ ഒമ്പത് മണിയായി. അവിടെയെത്തിയപ്പോഴാണ് കുടുംബത്തിലെ എല്ലാവരെയും ഉരുള്‍െകാണ്ടുപോയതായി ദീപന്‍ അറിയുന്നത്. അച്ഛനും അമ്മയും ഗര്‍ഭിണിയായ ഭാര്യയും പോയി. വളകാപ്പ് ചടങ്ങിനെത്തിയ ഭാര്യയുടെ സഹോദരന്‍ പ്രതീഷ് കുമാര്‍, ഭാര്യ കസ്തൂരി, അഞ്ചുവയസ്സുള്ള മകള്‍ പ്രിയദര്‍ശിനി, ഒരു വയസ്സുകാരി ധനുഷ്‌ക, മുത്തുലക്ഷ്മിയുടെ അമ്മയുടെ സഹോദരന്മാരായ ദിനേശ് കുമാര്‍, രതീഷ് കുമാര്‍ എന്നിവരും ദുരന്തത്തില്‍പ്പെട്ടു. ഇവരെയും കണ്ടെത്താനായിട്ടില്ല. എസ്‌റ്റേറ്റിലെ പാചകക്കാരനായ പ്രഭുവിന്റെ മകനാണ് ജീപ്പ് െ്രെഡവറായ ദീപന്‍.

SHARE