സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ച മലയോര മേഖലയില്‍ ശക്തമായ മഴ ലഭിച്ചാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ ദുരന്തങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്.

അതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ച മലയോര മേഖലയില്‍ ജാഗ്രത തുടരാന്‍ പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ശക്തമായ മഴ മുന്നറിയിപ്പുള്ള ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ച മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിയന്ത്രിക്കേണ്ടതാണെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

നദികളില്‍ ശക്തമായ ഒഴുക്ക് തുടരാന്‍ സാധ്യതയുള്ളതിനാല്‍ നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ല. ശക്തമായ ഒഴുക്കുള്ള ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കയോ കൂട്ടം കൂടി നില്‍ക്കാനും പാടില്ല.
കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ പൊതുവെ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

SHARE