സംസ്ഥാനത്ത് കനത്ത മഴ; ജില്ലകളിലെ റെഡ് അലര്‍ട്ടുകളില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധയിടങ്ങലില്‍ കനത്ത മഴ തുടരുകയാണ്. പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. സംസ്ഥാനത്ത് നേരത്തെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ടുകളില്‍ മാറ്റമുണ്ട്. പുതിയ നിര്‍ദ്ദേശങ്ങളനുസരിച്ച് പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. തിരുവനന്തപുരം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. നാളെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്.

ഇടുക്കി രാജമല ദുരന്തത്തില്‍ മരണം പതിനൊന്നായി ഉയര്‍ന്നു. 12 പേരെ രക്ഷപ്പെടുത്തി. 78 പേരാണ് അപകടത്തില്‍പെട്ടതെന്നാണ് വിവരം. 83 പേര്‍ താമസിച്ചിരുന്ന ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞിറങ്ങി വീഴുകയായിരുന്നുവെന്നും, രണ്ട് ലയങ്ങള്‍ പൂര്‍ണമായി തകര്‍ന്നുവെന്നുമാണ് വിവരം.

പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. കക്കാട്ടാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ സീതത്തോടിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ജില്ലയിലെ മലയോര മേഖലയായ സീതത്തോട് ആങ്ങമുഴി ചിറ്റാര്‍ മണിയാര്‍ പെരുനാട് പ്രദേശങ്ങളിലാണ് മഴ തോരാതെ പെയ്യുന്നത്.

SHARE