മോദിക്ക് ശ്രദ്ധ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതില്‍; രാഹുല്‍ ഗാന്ധി

ഡല്‍ഹി: സ്വന്തം പ്രതിച്ഛായ വര്‍ധിപ്പക്കുന്നതില്‍ മാത്രമാണ് പ്രധാനമന്ത്രി ശ്രദ്ധ പതിപ്പിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം ആരോപിക്കുന്നത്. ചൈനയെ നേരിടാനുള്ള ആഗോള കാഴ്ചപ്പാട് ഇന്ത്യയ്ക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മോദി സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളിലാണ്. പിടിച്ചെടുക്കപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം ഈ ദൗത്യം നിര്‍വഹിച്ചു കൊണ്ടിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ചൈനയോട് ഇടപഴകേണ്ടത് മാനസികമായി കരുത്തോടെ ആവണം. കരുത്തോടെ ഇടപഴകുന്നുവെങ്കില്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നത് നേടാന്‍ സാധിക്കും. ചൈനയുമായുള്ള സാഹചര്യങ്ങളെ ആഗോള കാഴ്ചപ്പാടില്‍ വേണം നേരിടേണ്ടത്. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി സാഹചര്യങ്ങളെ മാറ്റിമറിക്കാന്‍ പോകുന്നതാണ്. ഇന്ത്യയ്ക്കും ഒരു ആഗോള കാഴ്ചപ്പാട് വേണം. നമ്മള്‍ ചിന്തിക്കുന്ന രീതിയില്‍ മാറ്റം വരണം രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രിക്കു രാജ്യത്തെപ്പറ്റി കൃത്യമായൊരു കാഴ്ചപ്പാടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി എതിര്‍പക്ഷത്തുള്ള ആളാണെന്നറിയാം. ചോദ്യങ്ങള്‍ ചോദിച്ചും അദ്ദേഹത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയും അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം. അദ്ദേഹത്തിന് ഒരു കാഴ്ചപ്പാടില്ല അതുകൊണ്ടാണ് ഇന്ന് ചൈന ഇങ്ങനെ ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

SHARE