ആവേശമായി പ്രിയങ്ക ഗാന്ധി; വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് സന്ദര്‍ശിക്കും

കല്‍പ്പറ്റ: വയനാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കേരളത്തിലെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി ഇന്ന് പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കും. ഇന്നലെ വീട്ടില്‍ എത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും കനത്ത മഴയെ തുടര്‍ന്ന് യാത്ര സാധ്യമായിരുന്നില്ല. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാകും വസന്തകുമാറിന്റെ തൃക്കേപറ്റയിലെ തറവാട്ട് വീട്ടില്‍ പ്രിയങ്ക എത്തുക.

വൈത്തിരിയില്‍ തങ്ങുന്ന പ്രിയങ്ക ഗാന്ധി രാവിലെ വയനാട് ലോകസഭാ ണ്ഡലത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രത്യേക ചര്‍ച്ച നടത്തും. ഇതിനു ശേഷമാകം വസന്തകുമാറിന്റെ ഗൃഹ സന്ദര്‍ശനം ഉള്‍പ്പെടെയുള്ള മറ്റുപരിപാടികള്‍.

അതേസമയം ഇന്നലെ നടത്തിയ വയനാട് സന്ദര്‍ശനം പ്രവര്‍ത്തകരെ ആവേശ കൊടുമുടിയിലെത്തിച്ചു. രണ്ടാഴ്ചക്കിടെ രണ്ടാം തവണ ജില്ലയിലെത്തിയ പ്രിയങ്കാഗാന്ധിയെ കാണാന്‍ പതിനായിരങ്ങളാണ് മാനന്തവാടിയിലും പുല്‍പ്പള്ളിയിലും തടിച്ചു കൂടിയത്. ജില്ലയില്‍ മൂന്ന് സ്ഥലങ്ങളിലാണ് പ്രിയങ്കയുടെ സന്ദര്‍ശനമുണ്ടായിരുന്നത്. മാനന്തവാടി, പുല്‍പ്പള്ളി എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണ മഹാസമ്മേളനങ്ങളും, തൃക്കൈപ്പറ്റയിലുമായിരുന്നു പ്രിയങ്കയുടെ പരിപാടി. ഇതില്‍ മോശം കാലാവസ്ഥയെത്തുടര്‍ന്ന് തൃക്കൈപ്പറ്റയിലെ ധീരജവാന്‍ വസന്തകുമാറിന്റെ ഗൃഹസന്ദര്‍ശനം ഇന്നത്തേക്ക് മാറ്റി.
കണ്ണൂരില്‍ നിന്നും ഹെലികോപ്ടര്‍ മാര്‍ഗ്ഗം മാനന്തവാടിയിലാണ് പ്രിയങ്ക ആദ്യമെത്തിയത്. പരിപാടി ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ വള്ളിയൂര്‍കാവ് ഗ്രൗണ്ടും പരിസരങ്ങളും ജനനിബിഡമായിരുന്നു. രാവിലെ എട്ട് മണി മുതല്‍ വള്ളിയൂര്‍കാവിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി. സ്ത്രീകളും കുട്ടികളും അടക്കം പതിനായിരങ്ങളാണ് പൊതുസമ്മേളനത്തിനെത്തിയത്. വള്ളിയൂര്‍ക്കാവ് ക്ഷേത്ര മൈതാനിയിലെ താല്‍കാലിക ഹെലിപാഡില്‍ ഇറങ്ങിയ പ്രിയങ്കയെ എ. ഐ. സി.സി, കെ .പി.സി.സി, യു.ഡ ി.എഫ് ഭാരവാഹികളും നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു.

തെരഞ്ഞെടുപ്പ് യോഗത്തില്‍ ബി.ജെ.പിയേയും, പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കടന്നാക്രമിച്ചായിരുന്നു പ്രസംഗം. ബി.ജെ.പി സര്‍ക്കാറിന്റെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടിയ അവര്‍, കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ അടക്കമുള്ളവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും ഉറപ്പ് നല്‍കി.
അഞ്ചുവര്‍ഷത്തെ ഭരണം കൊണ്ട് ജനങ്ങള്‍ ഒരുപാട് ദുരന്തങ്ങള്‍ അനുഭവിച്ചതായി പ്രിയങ്ക പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും നല്‍കിയ വാഗ്ദാനം നിറവേറ്റും. കര്‍ഷകരെ മോഡി സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണ്. മോഡി സര്‍ക്കാര്‍ നിലകൊള്ളുന്നത് തന്നെ രാജ്യത്തെ ചില വ്യക്തികള്‍ക്കുവേണ്ടിയാണെന്നും പ്രിയങ്ക ആഞ്ഞടിച്ചു. പുല്‍പ്പള്ളിയിലായിരുന്നു പ്രിയങ്കയുടെ അടുത്ത പരിപാടി.

പുല്‍പ്പള്ളിയില്‍ നടന്ന കര്‍ഷകസംഗമത്തിലും പതിനായിരങ്ങളാണ് പങ്കെടുത്തത്. സമ്മേളനം നടന്ന സീതാക്ഷേത്രം മൈതാനിയും, റോഡുമെല്ലാം പരിപാടി ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പെ ജനസാഗരമായിരുന്നു. ഇരുപരിപാടികളിലേക്കും കര്‍ഷകരും, ആദിവാസികളും അടങ്ങുന്ന പതിനായിരങ്ങളാണ് പ്രവഹിച്ചെത്തിയത്. സ്ത്രീകളുടെ ഒരു വന്‍നിരതന്നെയാണ് ഇരു സ്ഥലങ്ങളിലുമുണ്ടായിരുന്നു. എസ്.എന്‍ കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്ടര്‍ ഇറങ്ങിയ സോണിയ എ. ഐ. സി.സി, ജില്ലാ-മണ്ഡലം യു. ഡി.എഫ് നേതാക്കളുടെ അകമ്പടിയോടെ സമ്മേളന സ്ഥലത്തെത്തി. എന്നാല്‍ വേദിയില്‍ കയറും മുമ്പ് സ്ഥലത്തുണ്ടായിരുന്ന കര്‍ഷകരുമായി ആശയവിനിമയത്തിന് സമയം കണ്ടെത്തി. കര്‍ഷകരുടെ വിവിധ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞതിന് ശേഷമാണ് വേദിയിലേക്ക് കയറിയത്. ഇവിടെയും കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയായിരുന്നു പ്രിയങ്കയുടെ പ്രസംഗം. മോഡി സര്‍ക്കാറിന്റെ കര്‍ഷക ദ്രോഹ നടപടികളും, നയങ്ങളും തുറന്നു കാട്ടുകയും, കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രഖ്യാപനം സവിസ്തരം പ്രതിപാതിക്കുകും ചെയ്തു.

കാര്‍ഷികമേഖലയിലടക്കം കേന്ദ്രസര്‍ക്കാര്‍ ജനങ്ങളോട് കാണിക്കുന്നത് അനാദരവാണെന്ന് പറഞ്ഞ പ്രിയങ്ക കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.
മധ്യപ്രദേശ്, ഛത്തിസ്ഗഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനത്തില്‍ അധികാരത്തിലേറി പത്ത് ദിവസത്തിനകം കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ കോണ്‍ഗ്രസിന് സാധിച്ച കാര്യം വ്യക്തമാക്കി. കര്‍ഷകര്‍ സമ്മാനമായി നല്‍കിയ വാഴകുല സ്വീകരിക്കുകയും ചെയ്ത ശേഷം വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെട്ട നിലമ്പൂര്‍, അരീക്കോട് എന്നിവിടങ്ങളിലെ തരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനങ്ങളിലും അവര്‍ പങ്കെടുത്തു.