ഗള്‍ഫില്‍ നിന്നയച്ചതെല്ലാം അവര്‍ കൈപറ്റി, കുടിക്കാന്‍ വെള്ളം പോലും തന്നില്ല- എടപ്പാളിലെ ആ പ്രവാസി പറയുന്നു

എടപ്പാള്‍: സ്വന്തം വീട്ടുകാരില്‍ നിന്ന് നേരിട്ട അവഗണനയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എടപ്പാളിലെ ആ പ്രവാസിയുടെ നെഞ്ചു പൊട്ടും. തിരിച്ചുവരും മുമ്പെ ഗള്‍ഫില്‍ നിന്ന് അയച്ച സാധനങ്ങള്‍ എല്ലാം കൈപറ്റിയ ശേഷമാണ് കുടിവെള്ളം പോലും കൊടുക്കാതെ അറുപതുകാരനായ ആ പ്രവാസിയെ അവര്‍ പടിക്കു പുറത്തു നിര്‍ത്തിയത്.

‘എട്ട് സഹോദരങ്ങളും രണ്ട് സഹോദരിമാരും ഉണ്ട്. വരുന്ന വിവരം ഒരു സഹോദരനെ അറിയിച്ചിരുന്നു. പഞ്ചായത്ത് അംഗത്തോട് വിവരം അറിയിക്കാന്‍ നിര്‍ദ്ദേശിച്ചു. പുലര്‍ച്ചെ നാലിനാണ് വീടിനു മുമ്പിലെത്തിയത്. അവടെയെത്തിയപ്പോള്‍ അനുഭവിക്കേണ്ടി വന്നത് വേദന നിറഞ്ഞ കാര്യങ്ങളാണ്. കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടെങ്കിലും ഇതുപോലും തന്നില്ല. എന്റെ ഭൂമിയില്‍ കൊച്ചുകൂരയുണ്ടാക്കി കഴിയാന്‍ ആരോടും അനുവാദം ചോദിക്കേണ്ടല്ലോ’ – അദ്ദേഹം പറയുന്നു.

‘ 13 വര്‍ഷമായി വിദേശത്ത് ഡ്രൈവറായി ജോലി ചെയ്യുന്നു. കോവിഡിനെ തുടര്‍ന്നു ജോലി നഷ്ടപ്പെട്ടു. നാട്ടിലേക്കു പോരാതെ നിവൃത്തിയില്ലാതായി. തൃശൂര്‍ ജില്ലയിലെ ഭാര്യ വീട്ടില്‍ പ്രായമായ മാതാപിതാക്കളുണ്ട്. ഭാര്യയ്ക്കു ശ്വാസസംബന്ധമായ അസുഖങ്ങളുമുണ്ട്. അതുകാരണം അവിടേക്കും പോകാനാകാത്ത അവസ്ഥയാണ്.തൊട്ടടുത്താണ് സഹോദരങ്ങളും താമസിക്കുന്നത്.വിദേശത്തുള്ള ഒരു സഹോദരന്റെ വീട് ഒഴിഞ്ഞു കിടക്കുകയാണ്. ഇവിടെ താമസിക്കാന്‍ ശ്രമിച്ചെങ്കിലും അവരും സമ്മതം മൂളിയില്ല’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീട്ടുകാര്‍ കയറ്റാതായതോടെ ആരോഗ്യവകുപ്പ് ഇടപെട്ടാണ് ഇദ്ദേഹത്തെ നടുവട്ടത്തെ ക്വാറന്റീന്‍ കേന്ദ്രത്തിലാക്കിയത്. വിഷയം ചര്‍ച്ചയാതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. വരുന്ന വിവരം അറിഞ്ഞിരുന്നില്ല എന്നാണ് സഹോദരങ്ങള്‍ പറയുന്നത്.

SHARE