പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ പാലിയേറ്റിവ് കെയര്‍ പദ്ധതിയുമായി മുസ്‌ലിംലീഗ്


കോഴിക്കോട്: പുതിയ കാരുണ്യ പദ്ധതി പ്രഖ്യാപനവുമായി മുസ്ലിംലീഗ്. പി.എം.എസ്.എ പൂക്കോയ തങ്ങളുടെ വിയോഗത്തിന്റെ 45-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളാണ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. കിടപ്പിലായ രോഗികള്‍ക്ക് ആശ്വാസം പകരാന്‍ പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ പദ്ധതിയാണ് ആരംഭിക്കുന്നത്. ഇതിനായി തലശ്ശേരി സി.എച്ച് സെന്റര്‍ ആസ്ഥാനമായി പരിശീലന കേന്ദ്രം തുടങ്ങും.

സാമൂഹിക സേവനത്തിന് പ്രഫഷണലിസം കൊണ്ടു വരിക എന്ന വലിയ ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നടത്തിയ പ്രഥമിക സര്‍വെയില്‍ ഒരു പഞ്ചായത്തില്‍ ശരാശരി 130 പേര്‍ കിടപ്പിലായ രോഗികളുണ്ട്. ചുരിങ്ങിയത് 30 പേര്‍ ഡയാലിസിസിന് വിധേയരാണ്. മുനിസിപാലിറ്റികളില്‍ 50 മുതല്‍ 60 വരെ എന്നതാണ് കണക്ക്. മാനസികമായി ആസ്വസ്ഥത അനുഭവിക്കുന്ന ഇരുനൂറോളം പേരും ഒരു പഞ്ചായത്തിലുണ്ട്. ഇവര്‍ക്ക് വീട്ടിലെത്തിയോ കാമ്പുകള്‍ വഴിയോ കൃത്യമായ പരിചരണം നല്‍കാന്‍ ഒരു സംവിധാനമെന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.

തലശ്ശേരി സി.എച്ച് സെന്ററിനെ റിസോഴ്‌സ് സെന്ററായി തീരുമാനിച്ചിട്ടുണ്ട്. ഇവിടെ ബാച്ചുകളായി യുവ വാളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കും. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ചരിത്ര തീരുമാനമായി പാലിയേറ്റീവ് കെയര്‍ സെന്റര്‍ മാറുമെന്നും നേതാക്കള്‍ പറഞ്ഞു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി എം.പി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

SHARE