പൗരത്വ നിയമത്തിനെതിരെയുള്ള സമരപന്തലെന്ന് തെറ്റിദ്ധരിച്ചു; കല്യാണപ്പന്തല്‍ പൊളിച്ചെടുത്ത് പൊലീസ്

ലഖ്‌നൗ: പൗരത്വ നിയമത്തിനെതിരെയുള്ള സമരപന്തലെന്ന് തെറ്റിദ്ധരിച്ച് കല്യാണപ്പന്തല്‍ പൊളിച്ചെടുത്ത് പൊലീസ്. പൗരത്വഭേദഗതി നിയമ വിരുദ്ധ പ്രതിഷേധത്തിനായി സ്ഥാപിച്ച പന്തലാണെന്നായിരുന്നു പൊലീസിന്റെ ധാരണ. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ നഗരത്തിലെ മൊഹല്ല മിര്‍ദാഗനിലാണ് സംഭവം. എന്നാല്‍ പ്രതിഷേധ പന്തലല്ലെന്ന് തിരിച്ചറിഞ്ഞിട്ടും പന്തല്‍ പൂര്‍ണ്ണമായും തകര്‍ത്തുതൊണ്ടാണ് പൊലീസുകാര്‍ ഇവിടംവിട്ടതെന്ന് വീട്ടുകാര്‍ പറഞ്ഞു. ലൈവ് ഹിന്ദുസ്ഥാനാണ് സംഭവം റിപ്പോര്‍ട്ടു ചെയ്യുന്നത്.

മൊഹല്ല മിര്‍ദാഗനില്‍ വിവാഹ ചടങ്ങിനായി ഒരുക്കിയ പന്തലാണ് യുപി പോലീസ് തകര്‍ത്തത്. ഫെബ്രുവരി നാലിനാണ് വിവാഹം നിശ്ചയിച്ചിരുന്നത്. തന്റെ വീടിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്താണ് മകളുടെ വിവാഹത്തിനായി അച്ഛന്‍ പന്തല്‍ ഒരുക്കിയത്. വധുവിനുള്ള സമ്മാനങ്ങളും വിവാഹത്തിനുള്ള മറ്റ് വസ്തുക്കളുമൊക്കെ ഈ പന്തലിലായിരുന്നു സൂക്ഷിച്ചിരുന്നത്.

എന്നാല്‍ സിഎഎ, എന്‍ആര്‍സി വിരുദ്ധ പ്രതിഷേധത്തിനായി ഒരുക്കിയതാണ് ഈ പന്തലെന്ന് തെറ്റിദ്ധരിച്ച് അനുമതിയില്ലാതെ എത്തുകയും പോലീസ് സംഘം ഇത് പൊളിക്കുകയുമായിരുന്നു. പൊളിച്ചടുക്കലൊക്കെ കഴിഞ്ഞ് സ്ഥലംവിടാന്‍ ഒരുങ്ങിയപ്പോഴാണ് പ്രതിഷേധത്തിനല്ല വിവാഹത്തിനാണ് പന്തല്‍ ഒരുക്കിയിരുന്നതെന്ന സത്യം പോലീസ് തിരിച്ചറിഞ്ഞത്.

ഇതോടെ പന്തല്‍ വീണ്ടും നിര്‍മ്മിക്കാന്‍ വീട്ടുകാര്‍ പൊലീസുകാരോട് ആവശ്യപ്പെട്ടു. തെറ്റ് പറ്റിയതാണെന്ന് മനസിലായിട്ടും വീണ്ടും പന്തല്‍ നിര്‍മ്മിക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് വീട്ടുകാര്‍ പറയുന്നു.

SHARE