വഴി തടയുന്നത് പൊലീസാണ്; സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍

പൗരത്വനിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍ , എന്‍പിആര്‍ എന്നിവ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായാല്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍. ഇതോടെ തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിഷേധക്കാരുമായി നടത്തിയ സമരം സമവായമാകാതെ മധ്യസ്ഥ സമിതി അംഗങ്ങള്‍ മടങ്ങി.

സമരം തുടരാന്‍ പ്രതിഷേധക്കാര്‍ക്ക് അവകാശമുണ്ടെന്നും എന്നാല്‍ വഴിയടത്തുള്ള സമരം അവസാനിപ്പിക്കണമെന്നും മധ്യസ്ഥ സമിതി അംഗങ്ങള്‍ സമരക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ വഴി തടഞ്ഞിരിക്കുന്നത് തങ്ങളല്ല പോലീസാണെന്നാണ് സമരക്കാര്‍ വ്യക്തമാക്കി. വേദി മാറ്റില്ലെന്നും പൊലീസുകാരാണ് ഗതാഗതം തടസ്സപ്പെടുത്തുന്നതെന്നും മുകളില്‍ നിന്ന് ഉത്തരവുണ്ടെന്നാണ് അവര്‍ പറയുന്നതെന്നും സമരക്കാര്‍ ആരോപിച്ചു.

സമരക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് ദില്ലി പോലീസ് പറഞ്ഞു. ഉറപ്പ് എഴുതി നല്‍കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പൗരത്വനിയമ ഭേദഗതി പിന്‍വലിക്കും വരെ സമരം തുടരാനാണ് തീരുമാനമെന്ന് സമരക്കാര്‍ പറഞ്ഞു. സമരക്കാര്‍ മുന്നോട്ട് വെച്ച ആശങ്കകളും വാദങ്ങളും സുപ്രീം കോടതിയെ അറിയിക്കുമെന്ന് മധ്യസ്ഥ സമിതി ഉറപ്പ് നല്‍കി.

SHARE