പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു: പി.കെ കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: പൗരത്വ വിഷയത്തില്‍ പ്രതിപക്ഷമല്ല പ്രധാനമന്ത്രിയാണ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നതന്ന് മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പൗരത്വ വിഷയം മുന്‍നിര്‍ത്തി പ്രതിപക്ഷം കളവ് പ്രചരിപ്പിക്കുകയാണന്ന രാജ്യസഭയിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ സമരങ്ങളുടെ പേരില്‍ രാജ്യത്ത് അരാജകത്വം പ്രചരിപ്പിക്കുകയാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ മൂക്കിന് താഴെയുള്ള ഡല്‍ഹിയില്‍ പൗരത്വ സമരക്കാര്‍ക്ക് നേരെ നിറയൊഴിച്ചതും അതിന് ആഹ്വാനം ചെയ്തതും ആരാണെന്ന് ലോകം കണ്ടതാണ്. കളവ് പ്രചരിപ്പിക്കുമ്പോള്‍ താനിരിക്കുന്ന സ്ഥാനത്തിന്റെ പവിത്രതയെ മാനിക്കാനെങ്കിലും പ്രധാനമന്ത്രി തയ്യാറാവണം. പലപ്പോഴും പല നിലപാടുകള്‍ പറയുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ മുഖവിലക്കെടുക്കാന്‍ പ്രയാസമുണ്ട്. സി.എ.എയും എന്‍.പി.ആറും തുടര്‍ന്ന് എന്‍.ആര്‍.സിയുമെന്നതാണ് എല്ലാവരും ആശങ്കയോടെ നോക്കിക്കാണുന്നത്. ഇക്കാര്യത്തിലെ അവ്യക്തത നീക്കാതെ വാചക കസര്‍ത്ത് കൊണ്ട് കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.