വിദേശത്ത് കുടുങ്ങിയവര്‍ അവിടെ കിടക്കട്ടെ എന്ന നിലപാടാണ് സര്‍ക്കാരിന്; പി.കെ കുഞ്ഞാലിക്കുട്ടി

കോവിഡിനെ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമത കാണിക്കണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. എല്ലാം കൈവിട്ട പോലെയാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ പെരുമാറ്റം. വിദേശത്തും മറ്റും കുടുങ്ങിയവര്‍ അവിടെ കിടക്കട്ടെ എന്ന നിലപാടാണ് സര്‍ക്കാരിന്. സംസ്ഥാനത്തെ നിലവിലെ ക്വാറന്റീന്‍ സൗകര്യങ്ങളും കുറ്റമറ്റതല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സംസ്ഥാനത്ത് സാമൂഹ്യവ്യാപനം ഉണ്ടാകുമെന്ന ആശങ്ക യാഥാര്‍ത്ഥ്യമാണ്. കേരളത്തിലെ നാട്ടുംപുറങ്ങളില്‍ ക്വാറന്റീന്‍ ഒരുക്കാനുള്ള സൗകര്യമുണ്ട്. പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും മറ്റും ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ കൈാടുക്കണം. സൗകര്യങ്ങളൊരുക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങളേയും എം.എല്‍.എമാരടക്കമുള്ള ജനപ്രതിനിധികളേയും പങ്കാളികളാക്കണം.

കേരളത്തില്‍ സാമൂഹ്യവ്യാപനം ഉണ്ടോ ഇല്ലയോ എന്നതില്‍ ഒരു ഉറപ്പും സര്‍ക്കാരിനില്ല. ഉറവിടം അജ്ഞാതമായ കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പ്രതിപക്ഷത്തോടു കൂടി ആലോചിച്ച് ഈ വിഷയങ്ങള്‍ സര്‍ക്കാര്‍ കുറേക്കൂടി ജാഗ്രതയോടെ കൊണ്ടുപോകണം. ഇപ്പോള്‍ ഫണ്ട് ചെലവാക്കാതെ സാമൂഹ്യ വ്യാപനം ഉണ്ടായതിന് ശേഷം പറഞ്ഞിട്ട് കാര്യമുണ്ടാവില്ല’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാജ്യത്ത് കേസുകള്‍ ഇത്രയധികം വര്‍ധിച്ചതിന് കാരണം കൃത്യമായ മുന്നൊരുക്കമില്ലാതെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും ഇളവുകള്‍ നല്‍കിയതുമാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് നാല് ദിവസം മുമ്പ് നോട്ടീസ് നല്‍കിയിരുന്നെങ്കില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് നാടണയാന്‍ പറ്റുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

SHARE