പൗരത്വ ഭേദഗതി ബില്ല്; ഇരുസഭകളിലും പ്രതിരോധിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി

മലപ്പുറം: രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന പൗരത്വ ഭേദഗതി ബില്ല് ലോക്‌സഭയിലും രാജ്യസഭയിലും ശക്തമായി പ്രതിരോധിക്കുമെന്ന് മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബില്ല് പാസാകരുതെന്നാണ് മുസ്്‌ലിംലീഗിന്റെ ആഗ്രഹം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസും ശക്തമായിത്തന്നെ രംഗത്തുണ്ട്. മതേതരകക്ഷികളെ ബില്ലിനെതിരെ ഒന്നിപ്പിക്കുന്നതിനായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭയില്‍ ബി.ജെ.പിക്ക് മൃഗീയ ഭൂരിപക്ഷമുണ്ടെങ്കിലും ബില്ലിനെതിരെ പ്രതിപക്ഷ കക്ഷികള്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തും. രാജ്യസഭയില്‍ ബില്ല് പരാജയപ്പെടുത്താന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും കുഞ്ഞാലിക്കുട്ടി പ്രതീക്ഷ പങ്കുവെച്ചു.

രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാനാണ് ബി. ജെ. പി ശ്രമിക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണ്. ഇത് സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങളാണുണ്ടാക്കുകയെന്നും ഏതെങ്കിലും മതത്തില്‍പെട്ടവരെ മാറ്റി നിര്‍ത്തുന്നത് ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീക്കൊളുത്തി കൊന്ന കേസില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ ലഭിക്കണമെന്നും ശിക്ഷ നിയമവ്യവസ്ഥയിലൂടെ നടക്കുന്നതാണ് നല്ലതെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി കൂട്ടിച്ചേര്‍ത്തു.