ഫിലിപ്പൈന്‍സില്‍ കൊവിഡിനിടെ ചുഴലിക്കൊടുങ്കാറ്റും; കേരളത്തിന് മുന്നറിയിപ്പ്

കൊവിഡ് 19 മഹാമാരിയ്ക്കിടെ ഫിലിപ്പൈന്‍സില്‍ ചുഴലിക്കൊടുങ്കാറ്റ്. വ്യാഴാഴ്ച കിഴക്കന്‍ ഫിലിപ്പൈന്‍സിലേക്ക് വീശിയടിച്ച വോങ്‌ഫോങ് ചുഴലിക്കൊടുങ്കാറ്റില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. വൈദ്യുതിബന്ധം താറുമാറാകുകയും ഭക്ഷ്യവിളകളെ നശിപ്പിക്കുകയും ചെയ്ത ഫിലിപ്പൈന്‍സിലെ ഈ മഹാമാരി കേരളത്തിനും മുന്നറിയിപ്പ് നല്‍കുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും കേരളം സാക്ഷ്യം വഹിച്ച പ്രളയത്തിനു ഒരു ഓര്‍മപ്പെടുത്തല്‍ നല്‍കുകയാണ് ഫിലിപ്പൈന്‍സിലെ വോങ്‌ഫോങ്.

വ്യാഴാഴ്ച ഉച്ചയോടെ പെയ്ത ശക്തമായ മഴയിലും കാറ്റിലും പതിനായിരക്കണക്കിന് ജനങ്ങളെയാണ് കിഴക്കന്‍ സമാര്‍ പ്രവശ്യയില്‍ നിന്നും ഒഴിപ്പിച്ചത്. ഇവിടെ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നൂറുകണക്കിന് കെട്ടിടങ്ങളും ഭക്ഷ്യവിളകളും മത്സ്യബന്ധന ബോട്ടുകളും ആണ് കനത്ത മഴയിലും കാറ്റിലും നശിച്ചത്. രാജ്യത്ത് കൊറോണവൈറസ് വ്യാപിക്കുന്നതിനിടയിലാണ് മറ്റൊരു മഹാമാരിയും ഉടലെടുക്കുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് ദുര്‍ബലമാകുകയും കടുത്ത ഉഷ്ണമേഖലാ കൊടുങ്കാറ്റായി മാറുകയും ചെയ്തു.

ഫിലിപ്പൈന്‍സിലെ ലുസോണില്‍ ഏകദേശം 60 മില്ല്യണ്‍ ജനങ്ങളാണ് താമസിക്കുന്നത്. കൊറോണവൈറസ് പടരാതിരിക്കാനായി അടച്ചിടല്‍ നീട്ടിവച്ചിരിക്കുകയാണിവിടെ. പക്ഷേ, ചുഴലിക്കൊടുങ്കാറ്റിന്റെ സാഹചര്യത്തില്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതും കൊവിഡ് വ്യാപനത്തിന് ഇടയാക്കുമോയെന്ന ആശങ്കയിലാണ് അധികൃതര്‍. ഇതിനോടകം തന്നെ, 50,000 ത്തിലധികം ജനങ്ങള്‍ ദുരിതാശ്വാസകേന്ദ്രങ്ങളില്‍ അഭയം തേടിയതായി അധികൃതര്‍ പറയുന്നു. 3 വിഭാഗത്തില്‍പ്പെട്ട കൊടുങ്കാറ്റിനെ തുടര്‍ന്ന് കിഴക്കന്‍ ദ്വീപായ സമറില്‍ വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം മണ്ണിടിച്ചില്‍ ഉണ്ടായി. വെള്ളിയാഴ്ച രാവിലെയോടെ മാസ്‌ബേറ്റ് ദ്വീപിലും ലുസോണിന്റെ ക്യൂസോണ്‍ പ്രവശ്യയുടെ വിവിധ ഭാഗങ്ങളിലും കനത്ത നാശനഷ്ടം ഉണ്ടാക്കി.

കേരളത്തിന് വോങ്‌ഫോങ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 2018 ലും 2019 ലും കേരളത്തില്‍ അപ്രതീക്ഷിതമാം വിധം നാശനഷ്ടം വരുത്തിവച്ചതായിരുന്നു പ്രളയം. ഇപ്രാവശ്യവും പ്രളയം കേരളത്തില്‍ പ്രളയം ഉണ്ടാകുമെന്നാണ് കണക്കൂകൂട്ടല്‍. എന്നാല്‍, കഴിഞ്ഞ രണ്ടു വര്‍ഷങ്ങളെ അപേക്ഷിച്ച് മറ്റൊരു പ്രത്യേകത എന്തെന്നാല്‍, കൊറോണവൈറസ് സംസ്ഥാനത്തെ ഒന്നാകെ പിടിച്ചുകുലുക്കുന്നതിനിടെയിലാണ് പ്രളയം വരുന്നത്. കേരളം സര്‍വ്വസജ്ജമാണെങ്കിലും, കൊവിഡ് വിട്ടൊഴിയാത്ത സാഹചര്യത്തില്‍ വീണ്ടും പ്രളയം വന്നാല്‍ സ്ഥിതിഗതികള്‍ താറുമാറാകും. രോഗവ്യാപനം കൂടാനുള്ള സാധ്യതയേറെയാണ്. എന്തിനെയും നേരിടാന്‍ ഒരുങ്ങണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

SHARE