ക്ഷേത്രത്തില്‍ യുവതിക്ക് നേരെയുണ്ടായ അതിക്രമം: 29 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

കൊച്ചി: പാവക്കുളം ക്ഷേത്രത്തില്‍ യുവതിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ 29 സംഘപരിവാര്‍-ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തു. കലൂര്‍ പാവക്കുളം ശിവക്ഷേത്രം ഹാളില്‍ നടന്ന പൗരത്വ ഭേദഗതി നിയമ അനുകൂല പരിപാടിക്കിടെ എതിര്‍പ്പ് അറിയിച്ച യുവതിയെ കയ്യേറ്റം ചെയ്യുകയും കൊലവിളി നടത്തുകയും ചെയ്ത സംഭവത്തിലാണ് പൊലീസ് നടപടി. യുവതിയുടെ മൊഴിയുടെയും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് നടപടി. ഡിസംബര്‍ 21നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അന്നുമുതല്‍ തന്നെ ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ യുവതിക്കു നേരെ കേസെടുത്ത സംഭവത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. യുവതിയെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

പൗരത്വ നിയമത്തെ അനുകൂലിച്ച് ക്ഷേത്രത്തില്‍ നടത്തിയ മാതൃസംഗമം പരിപാടിക്കിടെയായിരുന്നു യുവതിയുടെ പ്രതിഷേധം. യുവതിയെ പരിപാടിയില്‍ പങ്കെടുത്ത സ്ത്രീകള്‍ യുവതിയെ വേദിയില്‍ നിന്നും അധിക്ഷേപിച്ച് തള്ളിപ്പുറത്താക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തനിക്ക് പെണ്‍മക്കളുണ്ടെന്നും അവരെ കാക്ക കൊത്താതിരിക്കാനാണ് നിയമത്തെ അനുകൂലിക്കുന്നതെന്നും കൂട്ടത്തിലുള്ള സ്ത്രീ പറയുന്നുണ്ടായിരുന്നു.

തുടര്‍ന്ന് ഹിന്ദു ഐക്യവേദിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് യുവതിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് വനിതാ സ്‌റ്റേഷന് കൈമാറിയിരുന്നു.

SHARE