പാലത്തായി പീഡനക്കേസ് പ്രതിയായ ആര്‍എസ്എസ് നേതാവിനെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ ഒത്തുകളി, കുറ്റപത്രമായില്ല; രണ്ടു ദിവസത്തിനകം പ്രതി ജാമ്യത്തിലിറങ്ങും


കൊച്ചി: പാലത്തായി പീഡനക്കേസില്‍ ആര്‍എസ്എസുകാരനായ പ്രതി അറസ്റ്റിലായി 86 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചില്ല. അടുത്ത മൂന്നുദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് സ്വാഭാവികമായി ജാമ്യം ലഭിക്കും. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ ഭാഗത്തു നിന്ന് ഗുരുതരമായ അനാസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

പീഡനത്തിനിരയായ കുട്ടി മാനസികാഘാതത്തില്‍ നിന്ന് മോചിതയാകാത്തതിനാല്‍ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അന്വേഷണസംഘം ഏറ്റവുമൊടുവിലായി ഹൈക്കോടതിയെ അറിയിച്ചത്. കേസില്‍ നിര്‍ണായക തെളിവായി മാറുന്ന വെളിപ്പെടുത്തലുകള്‍ അന്വേഷണസംഘം കാര്യമായി എടുത്തിട്ടില്ലെന്ന ആരോപണം ശക്തമാണ്.

താന്‍ പഠിപ്പിക്കുന്ന സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് ബി.ജെ.പി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കൂടിയായ കുനിയില്‍ പത്മരാജന്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയുന്നത്. കഴിഞ്ഞ ജനുവരി 15 മുതല്‍ ഫെബ്രുവരി രണ്ട് വരെയുള്ള കാലയളവില്‍ സ്‌കൂളിലെ ശുചിമുറിയില്‍ വച്ചും സുഹൃത്തിന്റെ വീട്ടില്‍ വച്ചും കുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.
സഹപ്രവര്‍ത്തകനായ അധ്യാപകന്റെ മൊബൈല്‍ ഫോണില്‍ നിന്ന് കുട്ടിയെ നിരന്തരം വിളിച്ചുവരുത്തിയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതെന്ന് കണ്ടെത്തിയിരുന്നു. കുട്ടിയുടെ മൊഴി കൂടാതെ സഹപാഠിയും ഇതുസംബന്ധിച്ച് മൊഴി നല്‍കിയിരുന്നു.

പീഡനവിവരം പുറത്തായതിനെ തുടര്‍ന്ന് ഒളിവില്‍പോയ പത്മരാജനെ ഒരു മാസത്തിനു ശേഷമാണ് ഒളിത്താവളത്തില്‍നിന്ന് അറസ്റ്റ് ചെയ്തത്. ലോക്കല്‍ പൊലിസ് ഗുരുതര വീഴ്ച വരുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.