പാലക്കാട് നിരോധനാജ്ഞ; നിയന്ത്രണങ്ങള്‍ ഇങ്ങനെ

പാലക്കാട്: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ഇന്ന് മുതല്‍ നിരോധനാജ്ഞ. പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെങ്കിലും ലോക്ക് ഡൗണ്‍ ഇളവുകളുടെ മറവില്‍ ആളുകള്‍ സംഘം ചേരുന്നതിന് വിലക്കുണ്ട്. കഴിഞ്ഞദിവസം ഉത്തരവിറങ്ങിയെങ്കിലും ഇന്ന് മുതലാണ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരിക. പെരുന്നാള്‍ പ്രമാണിച്ച് നിരോധനാജ്ഞ ഇന്നേക്ക് മാറ്റുകയായിരുന്നു.

കൊവിഡ് മുക്തമായതിന് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും പാലക്കാട് രോഗവ്യാപനം തീവ്രമാവുകയാണ്. മുന്‍കരുതലിന്റെ ഭാഗമായാണ് ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ശക്തമാക്കുന്നതു നിരോധനാജ്ഞ പ്രഖ്യാപിച്ചതും. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം പത്താംക്ലാസ്, പ്ലസ് ടു പരീക്ഷകള്‍ നടക്കും. ഇതിനാവശ്യമായ സജ്ജീകരണങ്ങളെല്ലാം ജില്ലാഭരണകൂടം ഒരുക്കും.

നാലാളുകളില്‍ കൂടുതല്‍ പൊതുസ്ഥലത്ത് സംഘം ചേരരുത്. ലോക്ക് ഡൗണ്‍ ഇളവില്‍ തുറന്നു പ്രവര്‍ത്തിച്ച കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അത് തുടരാം. പക്ഷേ, ആളുകളുടെ എണ്ണം കൂടരുത്. സാമൂഹിക അകലം പാലിക്കണം. വ്യാപാര സ്ഥാപനങ്ങളില്‍ കൂടുതല്‍ പരിശോധന സംവിധാനങ്ങള്‍ ഒരുക്കും. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കട അടച്ചുപൂട്ടുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. എട്ട് ഹോട് സ്‌പോട്ടുകളാണ് നിലവില്‍ ജില്ലയിലുളളത്.

കരുതല്‍ മേഖലയിലേക്കുളള ഗതാഗതം അവശ്യസേവനങ്ങള്‍ക്ക് മാത്രം. വാളയാര്‍ അതിര്‍ത്തി വഴി റെഡ്‌സോണ്‍ മേഖലയില്‍ നിന്നുള്‍പ്പെടെ ദിവസവും ശരാശരി രണ്ടായിരത്തിനോടടുത്ത് ആളുകളാണ് കടന്നുവരുന്നത്. നിലവില്‍ സായുധ പൊലീസിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും കനത്ത ജാഗ്രത അതിര്‍ത്തിയിലുണ്ട്. ആവശ്യമെങ്കില്‍ ഇത് കൂട്ടാനും ആലോചനയുണ്ട്. ഈ മാസം 31വരെയാണ് ജില്ലയില്‍ നിരോധനാജ്ഞ.

SHARE