പാക് നിലപാടിലെ അര്‍ഥശൂന്യത

കെ. മൊയ്തീന്‍കോയ

ഇന്ത്യയിലെ മുസ്‌ലിംകളുടെ രക്ഷാകതൃത്വം ആരും പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ ഏല്‍പ്പിച്ചിട്ടില്ല. ദുര്‍ബലമായൊരു അയല്‍ രാജ്യത്തിന്റെ വക്കാലത്തും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ആവശ്യമില്ലെന്ന് സ്വാതന്ത്ര്യാനന്തരംതന്നെ മുസ്‌ലിം നേതാക്കള്‍ വ്യക്തമാക്കിയതുമാണ്. ഇമ്രാന്‍ഖാനും പാക് ഭരണകൂടത്തിനും താല്‍പര്യമുണ്ടെങ്കില്‍ പാക് ഭരണം നേരെയാക്കുക. അവിടത്തെ ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയും സംരക്ഷണവും നല്‍കുക. ചരിത്രത്തില്‍ ഇപ്പോഴും തങ്കലിപികളാല്‍ രേഖപ്പെടുത്തപ്പെട്ടതാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് സ്ഥാപക അധ്യക്ഷന്‍ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ വാക്കുകള്‍. പാക് രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയോടാണ് ഇസ്മായില്‍ സാഹിബ് ഇന്ത്യന്‍ നിലപാട് നേരിട്ട് അറിയിച്ചത്. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്നായിരുന്നു ജിന്ന ആരാഞ്ഞത്. മറുപടി ഇങ്ങനെ ‘ഇന്ത്യയിലെ കാര്യം ഞങ്ങള്‍ നോക്കികൊള്ളാം. അതില്‍ നിങ്ങളുടെ ഇടപെടല്‍ ആവശ്യമില്ല. പാക്കിസ്താനിലെ ന്യൂനപക്ഷങ്ങള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്’

അവസാന കൂടിക്കാഴ്ചയില്‍ ഉന്നയിച്ച നിലപാട് ഇസ്മായില്‍ സാഹിബ് വിട്ടുവീഴ്ചയില്ലാതെ തുടര്‍ന്നു. ഇന്ത്യാപാക് യുദ്ധവേളയില്‍ സ്വന്തം മകനെ സൈനിക സേവനത്തിന് അയക്കാന്‍ തയാറായി. ഐക്യരാഷട്രസഭയില്‍ പാക്കിസ്താന്റെ ഇന്ത്യാവിരുദ്ധ നിലപാടിന് എതിരെ അതിശക്തമായി വാദിക്കാന്‍ പിന്നീട് നിയോഗിക്കപ്പെട്ടത് ഇസ്മായില്‍ സാഹിബിന്റെ അനുയായിയായ ഇ.അഹമ്മദ് സാഹിബിനെയാണ്. വിഭജനത്തെ തുടര്‍ന്ന് ഇന്ത്യയില്‍തന്നെ ജീവിക്കാന്‍ ഇഷ്ടപ്പെടുകയും ഈ മണ്ണിനെ സ്‌നേഹിക്കുകയും ചെയ്യുന്ന കോടിക്കണക്കിന് മുസ്‌ലിംകളുടെ ദേശക്കൂറിനെ ചോദ്യം ചെയ്യുന്നവരുടെ ദുഷ്ട ലാക്ക് മതേതര ഇന്ത്യ തിരിച്ചറിയുന്നു. അതുകൊണ്ടാണ് ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്തിറങ്ങാന്‍ മുസ്‌ലിംകളേക്കാള്‍ മുന്നില്‍ സഹോദര സമുദായങ്ങള്‍ മുന്നോട്ട് വന്നത്. അതാണ് ഇന്ത്യന്‍ പൈതൃകം. സംഘ്പരിവാര്‍ കൂട്ടങ്ങള്‍ക്ക് മതേതര ഇന്ത്യയെ വിലക്ക് വാങ്ങാന്‍ കഴിയില്ല. എം.പിമാരെയും എം.എല്‍.എമാരെയും വിലക്ക് വാങ്ങാം. മതേതര മനസ്സ് കീഴടക്കാന്‍ പണ സഞ്ചിക്ക് കഴിയില്ല.
ഉത്തര്‍പ്രദേശിലെ പൊലീസ് ക്രൂരതയെക്കുറിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ട്വിറ്ററില്‍ പങ്ക് വച്ച വീഡിയോ വ്യാജമായിരുന്നതിനാല്‍ അബദ്ധം മനസ്സിലാക്കി പിന്‍വലിക്കേണ്ടിവന്നു. പരിഹാസ്യനായി. ഇത്തരം വിഡ്ഢി വേഷങ്ങള്‍ എഴുന്നള്ളിക്കുന്നത്മൂലം ഇന്ത്യയിലെ ഉത്തര്‍പ്രദേശില്‍ നടക്കുന്ന പൊലീസ് പൈശാചികത അവഗണിക്കപ്പെടാന്‍ ഇടവരുത്തരുത്. ഇമ്രാന്‍ പാക് ഭരണം നന്നാക്കാന്‍ സമയം കണ്ടെത്തുക. പാക്കിസ്താനിലെ നങ്കന സാഹിബ് ഗുരുദ്വാര വളഞ്ഞ സംഭവത്തിന് ഉത്തരവാദികളെ ശിക്ഷിക്കാതെ ഇന്ത്യയിലെ കാര്യത്തില്‍ ഇടപെടുന്നത് ധാര്‍മ്മികമല്ല. അമൃത് നാഥ് യാത്രക്ക് സൗകര്യവും സംരക്ഷണവും ഏര്‍പ്പെടുത്തുന്നതും മറ്റും ഇന്ത്യ വിസ്മരിക്കരുതെന്ന ഓര്‍മ്മപ്പെടുത്തലിനെ വില കല്‍പിക്കുന്നു.

പാക്കിസ്താനിലെ ഹിന്ദു സമുദായത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നതായുള്ള അവകാശവാദത്തില്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത് ഹോളി, ദീപാവലി എന്നീ ആഘോഷങ്ങള്‍ക്ക് പൊതു അവധി അനുവദിച്ചതാണ്. ഇവയൊക്കെ ഭംഗിയായി ആഘോഷിക്കുന്നുണ്ടത്രെ. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് പദവി റാണ ഭഗവാന്‍ദാസിന് നല്‍കിയത് വലിയ കാര്യമായി പാക് ഭരണകൂടത്തിന്റെ അവകാശവാദത്തില്‍ വരുന്നു. ആ രാജ്യത്തെ പൗരന്‍മാര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ പെരുമ്പറ കൊട്ടേണ്ടതല്ല.അതേസമയം ഇന്ത്യന്‍ കാര്യം ഇമ്രാന്‍ വിമര്‍ശിക്കുന്നത് വിവേകശൂന്യമായ നിലപാടാണ്. ഐക്യരാഷ്ട്രസഭയും ഒ.ഐ.സിയും ഗള്‍ഫ് രാജ്യങ്ങളം യൂറോപ്യന്‍ രാജ്യങ്ങും പൗരത്വ നിയമത്തെകുറിച്ച് നടത്തുന്ന വിമര്‍ശനം ഇന്ത്യാ ഗവണ്‍മെന്റ് ഗൗരവമായി കാണണം.

രാജ്യാനന്തര നയതന്ത്രതലത്തില്‍ ഈ നിയമത്തിലെ വിവേചനം കാരണം നാം തല കുനിച്ചു നില്‍ക്കേണ്ടി വരുന്നു. ഇന്ത്യാ വിമര്‍ശനം നടത്തി പാക്കിസ്താന്‍ ജനതയുടെ പിന്തുണ ആര്‍ജിക്കാനാണ് ഇമ്രാന്‍ ശ്രമിക്കുന്നത്. ഇതിന് സമാന്തരമായി പാക്കിസ്താനിലെ കാര്യം അവതരിപ്പിച്ച് കയ്യടി നേടാനാണ് നമ്മുടെ പ്രധാനമന്ത്രി ശ്രമിക്കുന്നത്. അല്ലാതെ ഇന്ത്യയിലെ ഹിന്ദു സഹോദരന്‍മാരുടെ സംരക്ഷണ കാര്യത്തില്‍ പോലും താല്‍പര്യമില്ലെന്ന് പാര്‍ലമെന്റ് രേഖകള്‍ തെളിയിക്കുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പരിഹസിച്ചത് പോലെ അദ്ദേഹം പാക് അംബാസിഡറാണോ എന്ന് സംശയിച്ച് പോകുന്നു. പാക്കിസ്താനിലെ ഹൈന്ദവ സഹോദരര്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ശബ്ദം ഉയര്‍ത്തുന്നതില്‍ മുന്നില്‍ നാം നിലകൊള്ളണം. ശ്രീലങ്ക, മ്യാന്‍മര്‍ എന്നിവിടങ്ങളിലും ഹൈന്ദവ സഹോദരര്‍ പീഡിപ്പക്കപ്പെടുന്നത് തടയാനും ബാധ്യത ഉണ്ട്. അതോടൊപ്പം നമ്മുടെ രാജ്യത്തെ ഹൈന്ദവ സഹോദരരുടെ കാര്യം എന്തിന് അവഗണിക്കണം? നാഷനല്‍ ഹ്യൂമണ്‍ റൈറ്റ്‌സ് കമ്മീഷന്റെ (എന്‍.എച്ച് ആര്‍.സി.) 2008ലെ ജാതി പീഡനം സംബന്ധിച്ച കണക്കുകള്‍ എന്ത്‌കൊണ്ട് പ്രധാനമന്ത്രി ശ്രദ്ധിക്കുന്നില്ല.

ഈ വര്‍ഷം ജൂണ്‍ വരെ ഷെഡ്യൂള്‍കാസ്റ്റ് വിഭാഗത്തില്‍ വരുന്നവര്‍ക്ക് നേരെയുണ്ടായ ആക്രമണം ഞെട്ടിപ്പിക്കുന്നു. ആഭ്യന്തര സഹമന്ത്രി ജി. കൃഷന്‍ റെഡി ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചോദ്യം ഉന്നയിച്ചത് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് അംഗം നവാസ് ഗനിയാണ്.’ചോദ്യം നമ്പര്‍ 3678. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്ക് മന്ത്രി വ്യക്തമാക്കുന്നു: 2016-17 വര്‍ഷം 505, 2017-18 വര്‍ഷം 464, 2018-2019 വര്‍ഷം ജൂണ്‍ വരെ 672. ഉത്തര്‍പ്രദേശിലാണ് വന്‍ വര്‍ധന. 41 ശതമാനമാണിത്. ജൂലൈ 16ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച രേഖ ഇതേപ്പറ്റി വിശദമായി വിവരിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്ക്പ്രകാരം ദലിത് വിഭാഗത്തിന് നേരെയുണ്ടായ ആക്രമണം മൊത്തത്തില്‍ 33 ശതമാനം വര്‍ധിച്ചു. ദലിതര്‍ക്കും മുസ്‌ലിംകള്‍ക്കും എതിരായ ആക്രമണം 64 ശതമാനവും ഹിന്ദി മേഖലയിലാണ്.

സംസ്ഥാനങ്ങള്‍ തിരിച്ച് കണക്ക് വിവരിക്കുമ്പോള്‍ ഉത്തര്‍ പ്രദേശാണ് മുന്നില്‍. 869 കേസുകള്‍ (43 ശതമാനം) ദക്ഷിണേന്ത്യയില്‍ വളരെ കുറവ്. ദലിതര്‍ക്കെതിരെ വ്യാപകമായി ആക്രമണം ഹിന്ദി മേഖലയില്‍ നടക്കുന്നു. ബലാല്‍സംഗം, കൂട്ടക്കൊല, ജോലി സ്ഥലത്ത് പീഡനം തുടങ്ങി നിരവധി കേസുകള്‍. ദലിതര്‍ ഹൈന്ദവ സഹോദരായിട്ടും അക്രമം തടയാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ എന്ത്‌കൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്ന് ചോദ്യം ഉയരുന്നതില്‍ തെറ്റ് കാണാനാവില്ല. സംഘ്പരിവാറിന്റെ ഭീകര ഭരണാധികാരിയായി അറിയപ്പെടുന്ന യോഗി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ദലിതര്‍ക്ക് എതിരെ നടക്കുന്ന ആക്രമണം വന്‍തോതില്‍ വര്‍ധിക്കുമ്പോഴും ബി.ജെ.പിയും ആര്‍.എസ്.എസും കയ്യുംകെട്ടി നില്‍ക്കുന്നത് എന്തിന്? ഹൈന്ദവരുടെ കണക്കില്‍ ദലിത് സമൂഹം വരുന്നില്ലേ? നമ്മുടെ നാട്ടിലെ മുസ്‌ലിംകളെ പൗരത്വ ഭേദഗതിയിലൂടെ ദ്രോഹിക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി മോദിയും അമിത് ഷായും ദലിത് സഹോദര്‍ക്ക് സംരക്ഷണം നല്‍കാന്‍ മുന്നോട്ട് വരാത്തത് എന്ത്‌കൊണ്ട്? ആര്‍ക്ക് വേണ്ടിയാണ് മോദി ഭരണം?

SHARE