ബാക്കിയുള്ള 69 ലക്ഷം പേര്‍ എവിടെ?; ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ അണിനിരക്കുക ഒരു ലക്ഷത്തോളം ജനങ്ങള്‍ മാത്രമെന്ന് അധികൃതര്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനായി അണിനിരക്കുന്നത് ഒരു ലക്ഷത്തോളം ജനങ്ങള്‍ മാത്രമെന്ന് അധികൃതര്‍. 22 കിലോമീറ്റര്‍ റോഡ് ഷോയില്‍ ഒരു ലക്ഷം ആളുകളാണ് അണിനിരക്കാന്‍ പോകുന്നതെന്ന്് അഹമ്മദാബാദ് മുന്‍സിപ്പല്‍ കമ്മീഷ്ണറായ വിജയ് നെഹ്‌റയാണ് അറിയിച്ചത്.

സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാള്‍ഡ് ട്രംപും ചേര്‍ന്ന് ഫെബ്രുവരി 24ന് നടത്തുന്ന റോഡ് ഷോ നടക്കുന്ന വഴിയില്‍ 70 ലക്ഷം ജനങ്ങള്‍ അണിനിരക്കുമെന്ന് മോദി അറിയിച്ചതായി ട്രംപ് പറഞ്ഞിരുന്ന വാദമാണ് അധികൃകരുടെ വെളിപ്പെടുത്തലോടെ പൊള്ളയാണെന്ന് വ്യക്തമായത്. അഹമ്മദാബാദിലെ മൊത്തം ജനസംഖ്യ ഏകദേശം 60 മുതല്‍ 70 ലക്ഷത്തിനിടയിലായിരിക്കേ എങ്ങിനെയാണ് റോഡ്‌ഷോക്ക് വേണ്ടി 70 ലക്ഷം ആളുകള്‍ എത്തിച്ചേരുക എന്ന് ട്രംപിന്റെ പ്രസ്താവന വന്നതോടെ സാമൂഹ്യമാധ്യമങ്ങളില്‍ പരിഹാസമുയര്‍ന്നിരുന്നു.
ഇതിനിടെ അഹമ്മദാബാദിലെ ചേരികള്‍ മതില്‍ കെട്ടി മറക്കുന്നതിനും നിവാസികളോട് ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കിയതിനും എതിരെയും പ്രതിഷേധമുയര്‍ന്നത്.

SHARE