ഇന്ത്യയില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്തുന്നതിനെതിരെ നടപടിയെടുക്കണം; മോദിയോട് മുസ്‌ലിം രാഷ്ട്ര നേതാക്കള്‍

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്താനുള്ള നീക്കങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷന്‍ (ഒ.ഐ.സി) അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും ഇസ്‌ലാമിക രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഒ.ഐ.സിയുടെ മനുഷ്യാവകാശ വിഭാഗമായ ഐ.പി.എച്ച്.ആര്‍.സിയാണ് പ്രതിഷേധം അറിയിച്ചത്.

ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പിന്നില്‍ മുസ്!ലിംകളാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ഇസ്ലാമോഫോബിയുടെ ഭാഗമാണെന്നും ഈ സന്ദര്‍ഭത്തില്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ മോശം രീതിയില്‍ മുസ്‌ലിംകളെ ചിത്രീകരിക്കുകയാണെന്നും സംഘടന ആരോപിച്ചു. ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമോഫോബിയയുടെ വ്യാപനം തടയാനും ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ മുസ്‌ലീം ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും നരേന്ദ്ര മോദി സര്‍ക്കാരിനോട് അന്താരാഷ്ട്ര സംഘടന ആവശ്യപ്പെട്ടു.

ഐക്യരാഷ്ട്രസഭ കഴിഞ്ഞാല്‍ ഏറ്റവുമധികം അംഗരാഷ്ട്രങ്ങളുള്ള അന്താരാഷ്ട്ര സംഘടനയാണ് ഐ.ഒ.സി. 53 മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളടക്കം 57 അംഗങ്ങളാണ് ഐ.ഒ.സിക്കുള്ളത്. അന്താരാഷ്ട്ര സമാധാനവും സൗഹൃദവും നിലനിര്‍ത്തി ലോകത്തെ മുസ്ലിംകളുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം.
മോദി സര്‍ക്കാര്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കുമിടയില്‍ വിഭജനം സൃഷ്ടിക്കാന്‍ കോവിഡിനെ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് എഴുത്തുകാരി അരുന്ധതി റോയും നേരത്തെ രംഗത്തെത്തിയിരുന്നു.

SHARE