ആഷിഖ് അബു, പിണറായിയുടെ ഭരണം ഒന്ന് സിനിമയാക്കണം; ബക്കറ്റ്‌ പിരിവെടുത്ത് പണം തരാം- യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പിണറായി സര്‍ക്കാറിന് പിന്തുണ നല്‍കിയ സംവിധായകന്‍ ആഷിക് അബുവിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി. പിണറായിയുടെ നാലു വര്‍ഷത്തെ ഭരണം സിനിമയാക്കണമെന്നും അതൊരു ഗംഭീര വിജയമായിരിക്കും എന്നുമാണ് റിയാസിന്റെ പരിഹാസം.

കുറിപ്പ് വായിക്കാം.

പ്രിയ സുഹൃത്തുക്കളേ എനിക്ക് സഖാവ് (സംവിധായകന്‍) ആഷിഖ് അബുവിനെ നേരിട്ട് പരിചയമില്ല അതുകൊണ്ട് ഈ പോസ്റ്റ് അദ്ദേഹം കാണും വരെ ഷെയര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു….

പ്രിയപ്പെട്ട ആഷിഖ് അബൂ…പിണറായി സഖാവിന്റെ 4 വര്‍ഷത്തെ ഭരണം താങ്കളൊരു സിനിമയാക്കണം എന്നഭ്യര്‍ഥിക്കുന്നു. താങ്കളത് ചെയ്താല്‍ അതൊരു ഗംഭീര വിജയമായിരിക്കും എന്ന് തീര്‍ച്ച. എല്ലാ ചേരുവകളുമുള്ള ഒരു ഒന്നാന്തരം ബ്രഹ്മാണ്ഡ ചിത്രം…

ആവശ്യത്തിലധികം കോമഡിയുണ്ട്…ഇഷ്ടം പോലെ കൊലപാതകങ്ങളുണ്ട്…ദാനധര്‍മങ്ങളുണ്ട്…പാട്ടും കത്തിക്കുത്തുമുണ്ട്…ബെല്ലി ഡാന്‍സുണ്ട്….പ്രളയമുണ്ട് പ്രളയ ഫണ്ട് തട്ടിപ്പുമുണ്ട്…കിന്നാരമുണ്ട്…അറബിയെ പറ്റിക്കലും,ബാര്‍ ഡാന്‍സും,അവിഹിതവും,അനാഥത്വവും,
മുബൈ മുത്തശ്ശനും തുടങ്ങി ഡിഎന്‍എ ടെസ്റ്റ് വരെ ഉണ്ട്….

കുടുംബ സ്‌നേഹമുണ്ട്, തെങ്ങുംമൂട് രാജപ്പനെ സരോജ് കുമാറാക്കിയ പിആര്‍ ഉം അവാര്‍ഡുമുണ്ട്…കാണാതാകലുണ്ട്…സാമ്രാജ്യം, ഇരുപതാം നൂറ്റാണ്ട്, രാജാവിന്റെ മകന്‍, അതിരാത്രം എന്നീ സിനിമകളെയൊക്കെ നാണിപ്പിക്കും വിധമുള്ള സ്വര്‍ണക്കള്ളക്കടത്തുമുണ്ട്
പിന്നെ…മണ്ണ്,പെണ്ണ്,മണല്‍,ഡാറ്റ, ഹെലികോപടര്‍,അബ്കാരി ലരേ…ലരേ…ലരേ….അങ്ങനെ മാഫിയയുടെ പല രൂപങ്ങളുണ്ട്….

ഏറ്റവും അവസാനം കണ്ണീരും, പട്ടിണിയും പരിവെട്ടവുമുണ്ട് (പ്രളയബാധിതരുടെ, പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ, രോഗികളുടെ, മത്സ്യതൊഴിലാളികളുടെ….അങ്ങനെ അനേകായിരങ്ങളുടെ )
ഇത് ഗൗരവം ചോരാതെ ചെയ്യാന്‍ കഴിയുന്ന ഒരാളേ ഇന്ന് മലയാളത്തിലൊള്ളു അത് താങ്കളാണ്. താങ്കള്‍ ചെയ്താലേ ഒരു പഞ്ച് കിട്ടുവൊള്ളു…

ഇനി പണമില്ലാത്തതോ, പ്രൊഡ്യൂസറെ കിട്ടാത്തതോ ആയ വല്ല പ്രശ്‌നവുമുണ്ടെങ്കില്‍ അതിന് പരിഹാരം ഞങ്ങളുണ്ടാക്കും. യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പാട്ട കിലുക്കിയോ ബക്കറ്റ് പിരിവെടുത്തോ ആഷിഖിന് സിനിമ പിടിക്കാന്‍ 500 രൂപ ചാലഞ്ച് നടത്തിയോ ഞങ്ങള്‍ പണം കണ്ടെത്തി തരാം. താങ്കള്‍ ഇതിനു തയ്യാറാവുമെന്ന പ്രതീക്ഷയോടെ…

റിയാസ് മുക്കോളി,
വൈസ് പ്രസിഡന്റ്
യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി….