പ്രസവത്തിനിടെ നവജാത ശിശുവിന്റെ ശരീരം രണ്ടായി മുറിഞ്ഞു; നഴ്‌സ് അറസ്റ്റില്‍

പ്രസവത്തിനിടെ നവജാത ശിശുവിന്റെ ശരീരം രണ്ടായി മുറിഞ്ഞ സംഭവത്തില്‍ നഴ്‌സ് അറസ്റ്റില്‍. രാജസ്ഥാനിലെ രാംഗഡ് ആസ്പത്രിയിലെ നഴ്‌സ് അമൃത് ലാലാണ് അറസ്റ്റിലായത്. കുറ്റകൃത്യം മറച്ചുവെക്കാന്‍ പ്രതിയെ സഹായിച്ച മറ്റൊരു നഴ്‌സ് ജുജ്ഹാര്‍ സിങ് ഒളിവിലാണ്. ഇരുവര്‍ക്കുമെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു.
പ്രസവത്തിന് യുവതി എത്തിയപ്പോള്‍ ഡ്യൂട്ടി ഡോക്ടറെ വിളിക്കാതെ പ്രസവം നടത്തിയ സംഭവത്തില്‍ ഇരുവരെയും ആസ്പത്രി അധികൃതര്‍ സസ്‌പെന്റു ചെയ്തിരുന്നു.

പ്രസവം ബുദ്ധിമുട്ട് ഏറിയതായിട്ടും കുട്ടിയുടെ ശരീരം പുറത്തുവരാന്‍ പ്രയാസം അനുഭവപ്പെട്ടിട്ടും ഡോക്ടറെ വിളിക്കാന്‍ തയാറാകാതെ നഴ്‌സ് സ്വയം പ്രസവം എടുത്തു. ഇതിന്റെ ഭാഗമായി ശക്തിയായി വലിച്ചപ്പോള്‍ കുട്ടിയുടെ ശരീരം രണ്ടായി മുറിഞ്ഞ് തല ഉള്‍പ്പെടെ ഭാഗം അമ്മയുടെ വയറിനകത്ത് ആവുകയായിരുന്നു.

അപകടം സംഭവിച്ചതിനു ശേഷവും ഈ വിവരം നഴ്‌സ് മറ്റാരെയും അറിയിക്കാതെ കുട്ടിയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

യുവതിയുടെ നില ഗുരുതരമാണെന്നും മറ്റൊരു ആസ്പത്രിയിലേക്ക് മാറ്റണമെന്നും നഴ്‌സ് യുവതിയുടെ ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. മറുപിള്ള ഗര്‍ഭപാത്രത്തില്‍ കുടുങ്ങിയെന്നും അതു നീക്കം ചെയ്യാനായി മറ്റൊരു ആസ്പത്രിയിലേക്ക് കൊണ്ടുപോകണമെന്നുമാണ് ഇയാള്‍ പറഞ്ഞത്. ഇതേത്തുടര്‍ന്ന് യുവതിയെ ജോദ്പൂരിലെ ആസ്പത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ച് യുവതി കുഞ്ഞിന്റെ തലയും പ്ലാസന്റയും മാത്രമാണ് പ്രസവിച്ചത്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ കുടുംബത്തെ വിവരമറിയിക്കുകയും രാംഗഡ് ആസ്പത്രിക്കെതിരെ ഭര്‍ത്താവ് പരാതി നല്‍കുകയുമായിരുന്നു.

SHARE