മഹാരാഷ്ട്രയില്‍ എന്‍.പി.ആര്‍ നടപ്പാക്കുമെന്ന് ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയില്‍ ദേശീയ ജനസഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. പൗരത്വ നിയമ ഭേദഗതിയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കുന്നത് സംബന്ധിച്ച് എന്‍.പി.ആര്‍ ഫോമുകളിലെ കോളങ്ങള്‍ പരിശോധിച്ച ശേഷം തീരുമാനിക്കുമെന്നും ഉദ്ധവ് പറഞ്ഞു.
പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും വ്യത്യസ്തമാണ്. സി.എ.എയും എന്‍. ആര്‍.സിയും വ്യത്യസ്ത വിഷയങ്ങളാണ്. എന്‍.പി.ആര്‍ മറ്റൊരു വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയില്‍ ആശങ്കയുടെ ആവശ്യമില്ല. എന്‍.പി.ആര്‍ സെന്‍സസാണ്. എന്‍.പി.ആര്‍ ഫോം പരിശോധിച്ച ശേഷം അത് നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനിക്കും. എന്‍.പി.ആറില്‍ എന്തെങ്കിലും പ്രശ്‌നമുള്ളതായി താന്‍ കരുതുന്നില്ല. എല്ലാ പത്ത് വര്‍ഷവും സെന്‍സസ് നടത്താറുണ്ട്. ദേശീയ പൗരത്വ രജിസ്റ്റര്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുമെന്ന് കരുതുന്നില്ല. പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയാല്‍ മുസ്‌ലിംകള്‍ക്ക് മാത്രമല്ല, ഹിന്ദുക്കള്‍ക്കും ദളിതര്‍ക്കും ആദിവാസി വിഭാഗക്കാര്‍ക്കും എല്ലാം പ്രശ്‌നമാണെന്നും താക്കറെ പറഞ്ഞു. ബി.ജെ.പി സഖ്യ കക്ഷിയായിരുന്ന ശിവസേന നേരത്തെ ലോക്‌സഭയില്‍ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചിരുന്നു. പിന്നീട് സി.എ.എയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ശിവസേന രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ചില്ല.
സി.എ.എ വിഷയത്തില്‍ രാജ്യസഭയില്‍ നടന്ന വോട്ടെടുപ്പ് ബഹിഷ്‌കരിച്ച ശിവസേന സി.എ.എയ്‌ക്കെതിരെ പരസ്യമായി അഭിപ്രായ പ്രകടനം നടത്തുകയും ചെയ്തിരുന്നു. ഉദ്ധവ് താക്കറെയുടെ പുതിയ നിലപാട് മഹാരാഷ്ട്ര സഖ്യത്തില്‍ വീണ്ടും ഭിന്നതകള്‍ക്കിടയാക്കുമെന്നാണ് റിപ്പോര്‍ട്ട്.

SHARE