സ്വപ്‌ന സുരേഷിനെതിരെ യുഎപിഎ ചുമത്തി പ്രതി ചേര്‍ത്തതായി എന്‍ഐഎ


കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബഗേജ് വഴി സ്വര്‍ണം കടത്തിയെന്ന് കേസില്‍ സ്വപ്നക്കെതിരെ യുഎപിഎ ചുമത്തിയതായി എന്‍ഐഎ. എന്‍ഐഎ നിയമത്തിലെ 16,17,18 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കേസില്‍ സ്വപ്നയെ പ്രതിചേര്‍ത്തതായും എന്‍ഐഎ ഹൈക്കോടതിയില്‍ അറിയിച്ചു.
സ്വപ്നയുടെ പങ്ക് സംശയാസ്പദമാണന്നും സമന്‍സ് നല്‍കാന്‍ ശ്രമിച്ചെങ്കിലും സ്വപ്ന ഒളിവില്‍ പോയന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ മാത്രമേ സ്വപ്നയുടെ പങ്ക് വ്യക്തമാവൂ എന്നും എന്‍ഐഎ വ്യക്തമാക്കി.

സ്വപ്നയുടെ മൂന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് ഇന്ന് രാവിലെ കേസ് രജിസ്റ്റര്‍ ചെയ്ത വിവരം അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചത്. അതേസമയം എഫ്‌ഐആറിന്റെ പകര്‍പ്പ് വേണമെന്ന് ഹര്‍ജിക്കാരി കോടതിയില്‍ ആവശ്യപ്പെട്ടു.

പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്റെ അളവ് വലുതാണ്. രാജ്യസുരക്ഷയെയും സമ്പത്തിനെയും ബാധിക്കുന്ന പ്രശ്നമാണ്. എന്‍ഐഎ കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു.

എന്‍ഐഎ കേസ് ഏറ്റെടുത്തത് വൈകിയാണ്. സന്ദീപ് നായര്‍, സ്വപ്ന, സരിത് എന്നിവര്‍ക്ക് കളളക്കടത്തില്‍ പങ്കുണ്ടെന്ന് വിവരം കിട്ടി. സ്വപ്നയും സരിതും കളളക്കടത്ത് നടത്തിയതായി സന്ദീപിന്റെ ഭാര്യ സൗമ്യയുടെ മൊഴി ഉണ്ടെന്നും കേന്ദ്രം വാദിച്ചു. കസ്റ്റംസ് അന്വേഷണം തുടങ്ങിയതിന് ശേഷം കൂടുതല്‍ തെളിവുകള്‍ കിട്ടി. അതിനാല്‍ തന്നെ സ്വപ്നയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കേന്ദ്രം വാദിച്ചു.

SHARE