വയനാട്ടില്‍ ആദ്യ കോവിഡ് കേസ്; സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി

സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തു രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി. ഇതില്‍ 126 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കണ്ണൂര്‍-9, കാസര്‍കോട്-3, മലപ്പുറം-3, തൃശൂര്‍-2, ഇടുക്കി-1 ,വയനാട്-1 എന്നിങ്ങനെയാണ് ഇന്നു വൈറസ് ബാധ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം.

എറണാകുളത്ത് ചികില്‍സയിലായിരുന്ന മൂന്നു കണ്ണൂര്‍ സ്വദേശികളെയും രണ്ടു വിദേശ പൗരന്‍മാരെയും ഇന്ന് ആശുപത്രിയില്‍നിന്ന് രോഗം ഭേദമായി വിട്ടയച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ ചികില്‍സയിലായിരുന്ന ഒരാളുടെ ഫലം നെഗറ്റീവായി. 1,20,003 ആളുകള്‍ നിരീക്ഷണത്തിലുണ്ട്. 1,01402 പേര്‍ വീടുകളിലും 601 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

സംസ്ഥാനത്ത് കമ്യൂണിറ്റി കിച്ചന്‍ പദ്ധതികള്‍ക്കു തുടക്കമായതായും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് സ്വാഗതാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.2,36,000 പേരടങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ സേനയ്ക്ക് ഉടന്‍ രൂപം നല്‍കും. 22-40 വയസ്സിനിടയില്‍ പ്രായമുള്ളവര്‍ക്കു ഓണ്‍ലൈന്‍ വഴി റജിസ്റ്റര്‍ ചെയ്യാം. ഇവരുടെ യാത്രാച്ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

SHARE