ധാരാവിയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ്; ആശങ്കയിലമര്‍ന്ന് മുംബൈ

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുബൈയിലെ ധാരാവിയില്‍ രണ്ടു പേര്‍ക്കു കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ കൊറോണ ബാധിതരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. ഇവരെയെല്ലാം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുമായി ബന്ധം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്.

കഴിഞ്ഞ ദിവസം ധാരാവിയില്‍ മുപ്പത്തിയഞ്ചുകാരനായ ഡോക്ടര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഡോക്ടറുടെ കുടുംബാംഗങ്ങളെയും സമ്പര്‍ക്കം പുലര്‍ത്തിയവരെയും ക്വാറന്റൈന്‍ ചെയ്തു. മുംബൈയിലെ വോഡ്ഖര്‍ദ് ആശുപത്രിയിലെ സര്‍ജനാണ് ഇന്നലെ രോഗബാധിതനായ ഡോക്ടര്‍. ഇദ്ദേഹം വിദേശയാത്ര നടത്തിയിട്ടില്ല.

ധാരാവിയില്‍ ആളുകള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. അഞ്ചു ചതുരശ്ര കിലോമീറ്ററിനുള്ളില്‍ പത്തു ലക്ഷത്തിലധികം പേരാണു ധാരാവിയില്‍ വസിക്കുന്നത്. വൃത്തിഹീനമായ ഇടവഴികളും ആയിരക്കണക്കിനു ചെറുവീടുകളും നിറഞ്ഞ ചേരിയില്‍ കോവിഡ് വ്യാപനത്തിന് സാധ്യതയേറെയാണ്.

SHARE