കോവിഡിന്റെ മറവില്‍ ന്യൂനപക്ഷ വേട്ട നടത്തുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ പ്രക്ഷോഭവുമായി മുസ്‌ലിംലീഗ്

കോഴിക്കോട്: കോവിഡിന്റെ മറവില്‍ ന്യൂനപക്ഷ വേട്ട നടത്തുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ പ്രക്ഷോഭവുമായി മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി. ദേശവ്യാപകമായി ജൂലൈ ഒന്നിന് ദേശീയ മനുഷ്യാവകാശ പ്രക്ഷോഭ ദിനമായി ആചരിക്കും. കേരളത്തില്‍ ഇതേ ദിവസം വാര്‍ഡ് തലങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അഭ്യര്‍ത്ഥിച്ചു. കോവിഡിന്റെ മറവില്‍ ന്യൂനപക്ഷങ്ങളെയും ദലിതരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുകയും കരിനിയമങ്ങള്‍ ചുമത്തി ജയിലിലടക്കുകയും ചെയ്യുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ ഫാസിസ്റ്റ് സമീപനത്തിനെതിരെയാണ് പ്രക്ഷോഭം.

സി.എ.എ വിരുദ്ധ സമര രംഗത്തുണ്ടായിരുന്ന ജാമിഅ മില്ലിയ്യ വിദ്യാര്‍ത്ഥി നേതാക്കളെയും സാമൂഹ്യ പ്രവര്‍ത്തകരെയും ദലിത് ആക്ടിവിസ്റ്റുകളെയും തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുകയും അവര്‍ക്കെതിരെ യു.എ.പി.എ ഉള്‍പ്പെടെ കരിനിയമങ്ങള്‍ ചുമത്തുകയും ദീര്‍ഘകാലത്തേക്ക് ജയിലിലടക്കുകയുമാണ് സര്‍ക്കാര്‍ പദ്ധതിയെന്നും ഇതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ പറഞ്ഞു. കലാപം ഉണ്ടാക്കുന്നതിന് പ്രേരകമാകും വിധം പ്രകോപനപരമായ, വിഷലിപ്തമായ പ്രസംഗം നടത്തിയവര്‍ മാന്യന്മാരും വാഴ്ത്തപ്പെട്ടവരുമായി ഗവണ്മെന്റിന്റെ ആശിര്‍വാദത്തോടെ വിലസുമ്പോഴാണ് നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്നത്.

ഡല്‍ഹി മൈനോരിറ്റി കമ്മിഷന്‍ ചെയര്‍മാന്‍ ഡോ. സഫറുല്‍ ഇസ്ലാം ഖാനെതിരെ രാജ്യദ്രോഹ കുറ്റമാണ് ചുമത്തിയത്. ഡല്‍ഹി കലാപത്തെക്കുറിച്ച് വ്യക്തമായ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു എന്നതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ ഈ പ്രതികാര നടപടി സ്വീകരിച്ചത്. സഫൂര്‍ സര്‍ഗര്‍, ഡോ. ഖഫീല്‍ ഖാന്‍, മീരാന്‍ ഹൈദര്‍, ശിഫാഉറഹ്മാന്‍, ഗുല്‍ശിഫ ഖാന്‍, ഉമര്‍ ഖാലിദ്, ഡോ. ആനന്ദ് തെല്‍ദുംഡേ (ദലിത് ആക്ടിവിസ്റ്റ്) തുടങ്ങിയവര്‍ക്കെതിരെയാണ് ലോക് ഡൗണിന്റെ മറവില്‍ സര്‍ക്കാര്‍ പ്രതികാര നടപടികള്‍ സ്വീകരിച്ചത്. ജനാധിപത്യ മാര്‍ഗത്തില്‍ സമരം ചെയ്യുന്ന പ്രക്ഷോഭകരെ കള്ളക്കേസില്‍ കുടുക്കി നിശ്ശബ്ദമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അനുവദിക്കില്ലെന്നും ഇത്തരം ആളുകള്‍ക്ക് മുസ്ലിംലീഗ് ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിക്കുന്നതായും നേതാാക്കള്‍ പറഞ്ഞു.

SHARE