പൗരത്വ വിവേചനം: പ്രക്ഷോഭം ശക്തമാക്കാന്‍ മുസ്‌ലിം ലീഗ്

ഷംസുദ്ദീന്‍ കൂടാളി
ബെംഗളൂരു: പൗരത്വ ഭേദഗതിക്കെതിരെ മുസ്‌ലിംലീഗ് നടത്തി വരുന്ന പ്രക്ഷോഭം ദേശീയ തലത്തില്‍ ശക്തമാക്കാന്‍ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയില്‍ ചേര്‍ന്ന ദേശീയ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. രാജ്യത്തിന്റെ കെട്ടുറപ്പിനെ നഷ്ടപ്പെടുത്തുന്ന സമീപനമാണ് പൗരത്വ പ്രക്ഷോഭകര്‍ക്കെതിരെ ബി.ജെ.പി ഭരണകൂടം സ്വീകരിക്കുന്നത്. ഭരണഘടന സംരക്ഷിക്കാനും തുല്ല്യ നീതിക്കും വേണ്ടി രാഷ്ട്രീയമായും നിയമപരമായുമുള്ള പോരാട്ടം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.
വിദ്യാസമ്പന്നരായ യുവാക്കളാണ് പ്രക്ഷോഭവുമായി രംഗത്തു വന്നിരിക്കുന്നത്. കേന്ദ്ര സര്‍വ്വകലാശാലകളായ ജെ.എന്‍.യുവിലും ജാമിഅയിലും പഠിക്കുന്ന മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ത്ഥികളെ നേരില്‍ സന്ദര്‍ശിച്ചപ്പോള്‍ വേദനാജനകമായ കാഴ്ചയാണുണ്ടായത്. നമ്മുടെ ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യവും മതേതരത്വവും ഹനിക്കുന്ന രീതിയിലുള്ള കിരാത നടപടിക്കെതിരെയാണ് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ഇതിനെയാണ് ബി.ജെ.പി ഭരണകൂടം പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. ഇത് അനുവദിക്കാനാവില്ല. രാജ്യത്ത് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 23 പേര്‍ കൊല്ലപ്പെട്ടിരിക്കുന്നു. സമാധാനപരമായ സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കുനേരെ കര്‍ണാടകയിലും യു.പിയിലും പോലീസ് നീചമായ വെടിവെപ്പാണ് നടത്തിയത്. അവരുടെ കുടുംബങ്ങള്‍ക്ക് നിയമപരമായും സാമ്പത്തികമായും സഹായം നല്‍കാന്‍ ദേശീയ സമിതി തീരുമാനിച്ചു. ഇതിനായി കേരളത്തില്‍ ഏകദിന ഫണ്ട് സമാഹരണം നടത്തിയിരുന്നു. ഈ ഫണ്ടില്‍ നിന്നുള്ള ആദ്യ ഗഡു മംഗലാപുരത്ത് പൊലീസ് വെടിവെയ്പില്‍ മരിച്ച രണ്ടു കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ദേശീയ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കൈമാറി. മറ്റു സംസ്ഥാനങ്ങളിലെ ഇരകള്‍ക്കും എല്ലാ വിധ സഹായവും എത്തിക്കും. ആസാമിലെ പൗരത്വ ഇരകള്‍ക്ക് നിയമ സഹായം നല്‍കുന്നത് ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകും. കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിച്ചു വരുന്ന മുസ്‌ലിംലീഗ് ലോയേഴ്‌സ് ഫോറം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുവാനും തീരുമാനിച്ചു. അഡ്വ.ഹാരിസ് ബീരാന്‍ കണ്‍വീനറായി അഡ്‌ഹോക്ക് കമ്മിറ്റിയെ തെരഞ്ഞെടുത്തു. പാര്‍ലമെന്റിലും സുപ്രീം കോടതിയിലും രാജ്യത്താകമാനമുള്ള പ്രക്ഷോഭങ്ങളിലും മുസ്‌ലിംലീഗ് നിതാന്ത ജാഗ്രതയോടെയും വിട്ടുവീഴ്ചയില്ലാതെയും മുന്നോട്ടു പോകുന്നതില്‍ യോഗം മതിപ്പു രേഖപ്പെടുത്തി.
ദേശീയ രാഷട്രീയ കാര്യ സമിതി അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡണ്ട് പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്വാഗതം പറഞ്ഞു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ദേശീയ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശദീകരിച്ചു. ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി നന്ദി പറഞ്ഞു.
ദേശീയ സെക്രട്ടറിമാരായ ഖുറം അനീസ് ഉമര്‍, സിറാജ് ഇബ്രാഹീം സേട്ട്, ദസ്തഗീര്‍ ഇബ്രാഹീം ആഗ, എസ് നഈം അക്തര്‍, എച്ച് അബ്ദുല്‍ ബാസിത്, ദേശീയ അസിസ്റ്റന്റ് സെക്രട്ടറിമാരായ എ യൂനുസ് കുഞ്ഞ്, എ.ഡി ആതിഖ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, നവാസ് ഗനി എം.പി, മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ എസ് ഗഫാര്‍, ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, എം.എസ്.എഫ് ദേശീയ ജനറല്‍ സെക്രട്ടറി എസ്.എച്ച് മുഹമ്മദ് അര്‍ഷദ്, എഐകെഎംസിസി ദേശീയ പ്രസിഡണ്ട് എം.കെ നൗഷാദ്, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ഷംസുദ്ദീന്‍, സെക്രട്ടറി ഡോ.എം. എ അമീറലി, വനിതാലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ. എ.കെ തശ്രീഫ് ജഹാന്‍, ജനറല്‍ സെക്രട്ടറി അഡ്വ.പി.കെ നൂര്‍ബീന റഷീദ്, അഡ്വ.പി അബു സിദ്ദീഖ്, ആന്ധ്രാപ്രദേശ് മുസ്‌ലിംലീഗ് പ്രസിഡണ്ട് അഡ്വ. ബഷീര്‍ അഹമ്മദ് ഖാന്‍, സെക്രട്ടറി ഖ്വാജ സംസാരിച്ചു.

SHARE