പ്രവാസികളും മനുഷ്യരാണ് സര്‍ക്കാറിന്റെ ക്രൂരത അവസാനിപ്പിക്കുക; മുനവ്വറലി തങ്ങളുടെ ഉപവാസ സമരം ബുധനാഴ്ച

കോഴിക്കോട് : ഇടത് സര്‍ക്കാരിന്റെ പ്രവാസി വിരുദ്ധ നിലപാടില്‍ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ജൂണ്‍ 24ന്, ബുധനാഴ്ച ഉപവാസ സമരം നടത്തും. പ്രവാസികളും മനുഷ്യരാണ്, സര്‍ക്കാറിന്റെ ക്രൂരത അവസാനിപ്പിക്കുക എന്ന മുദ്രാവാക്യത്തില്‍ നടക്കുന്ന ഉപവാസ സമരം രാവിലെ 9മണിക്ക് കോഴിക്കോട് മാവൂര്‍ റോഡില്‍ കെ.എസ്.ആര്‍.ടി.സിക്ക് സമീപം പ്രത്യേക സജ്ജമാക്കിയ സമര പന്തലില്‍ വെച്ച് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് ആറ് മണി വരെ തുടരുന്ന ഉപവാസ സമരത്തിന്റെ സമാപനം മുസ്‌ലിം ലീഗ് ഉന്നതാധികാര സമതിയംഗം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ് ദേശീയസംസ്ഥാന നേതാക്കള്‍, എം.എല്‍.എമാര്‍, യു.ഡി.എഫ് നേതാക്കള്‍, കെ.എം.സി.സി നേതാക്കള്‍ ഉപവാസ സമരത്തെ അഭിസംബോധന ചെയ്യും.

കോവിഡ് രോഗത്തെ തുടര്‍ന്ന് പ്രവാസി മലയാളികള്‍ വിദേശത്ത് അനുദിനം മരണത്തിന് കീഴടങ്ങുകയും ആയിരക്കണക്കിന് ആളുകള്‍ നാട്ടിലേക്ക് മടങ്ങാന്‍ നിര്‍വ്വാഹമില്ലാതെ നില്‍ക്കുമ്പോഴും പ്രവാസികളോടുള്ള ക്രൂരത തുടരുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. മരണപ്പെട്ട പ്രവാസി കുടുംബങ്ങള്‍ക്ക് ഇത് വരെയായും നഷ്ടപരിഹാരം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല്. കടുത്ത അവഗണന നടപടികളാണ് സര്‍ക്കാരില്‍ നിന്നും അനുദിനം പ്രവാസി വിഷയത്തില്‍ ഉണ്ടാകുന്നത്.

കോവിഡ് വ്യാപന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ നാള്‍ മുതല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളോട് കാണിച്ചത് തീര്‍ത്തും അവഗണനയാണ്. മതിയായ കൊറന്റൈന്‍ സംവിധാനങ്ങള്‍ ഒരുക്കാതെ നാട്ടിലെത്തിയവരെയും സര്‍ക്കാര്‍ ബുദ്ധിമുട്ടിലാക്കുകയുണ്ടായി. പിന്നീട് കോറന്റൈന്‍ സംവിധാനങ്ങള്‍ സ്വന്തം ചിലവില്‍ നടത്തണമെന്നായി. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കെ.എം.സി.സി യുടെ പരിശ്രമഫലമായി ചാര്‍ട്ടേട് വിമാനങ്ങള്‍ സംവിധാനച്ചപ്പോള്‍ വന്ദേഭാരത് നിരക്ക് തന്നെ വേണമെന്ന നിര്‍ദ്ദേശം പുറപ്പെടുവിച്ചും ഏറ്റവും ഒടുവില്‍ നാട്ടിലേക്ക് വരുന്നവര്‍ കോവിഡ് ടെസ്റ്റും ചെയ്യണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നാടിന്റെ നട്ടെല്ലാണ് പ്രവാസികള്‍ എന്ന് പറയുമ്പോഴും ദുരിത സമയത്ത് പ്രവാസികളെ ദ്രോഹിക്കുന്ന കാര്യത്തില്‍ കേന്ദ്രകേരള സര്‍ക്കാരുകള്‍ മത്സരബുദ്ധിയാണ് കാണിച്ചത്. പ്രവാസികളെ മരണത്തിന് വിട്ട് കൊടുക്കാതെ അവരെ നാട്ടിലെത്തിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.