6 കിലോമീറ്റര്‍ പിന്നിട്ടത് 9 മിനിറ്റില്‍; ദുല്‍ഖറും പൃഥ്വിയും കാറോടിച്ചത് അമിത വേഗത്തില്‍ അല്ലെന്ന് റിപ്പോര്‍ട്ട്

കോട്ടയം: സിനിമാ താരങ്ങളായ ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജും എറണാകുളം കോട്ടയം റൂട്ടില്‍ മത്സരയോട്ടം നടത്തിയെന്ന ആരോപണത്തിന് തെളിവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. റോഡരുകിലെ സിസി ടിവി കാമറകള്‍ പരിശോധിച്ചാണ് മോട്ടോര്‍ വാഹന വകുപ്പ് വേഗ പരിധി ലംഘിച്ചിട്ടില്ലെന്ന നിഗമനത്തിലെത്തിയത്. പാലാ റോഡ!ിലെ കൊട്ടാരമുറ്റം, കുമ്മന്നൂര്‍ എന്നീ സ്ഥലങ്ങളിലെ സ്വകാര്യ വ്യക്തികളുടെ സിസി ടിവി കാമറകളാണ് മോട്ടോര്‍ വാഹന വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധിച്ചത്.

വൈകിട്ട് 6.5ന് ആണ് കൊട്ടാരമുറ്റത്ത് കാറുകളെത്തിയത്. 6.14 ന് കുമ്മന്നൂര്‍ ജംഗ്ഷനിലെത്തി. അതായത് ആറു കിലോമീറ്റര്‍ പിന്നിടാന്‍ 9 മിനിട്ടാണെടുത്തത്. ഈ ദൂരം പിന്നിടാന്‍ ഇതേ സമയം തന്നെയാണ് ഗൂഗിള്‍ മാപ്പിലും കാണിക്കുന്നത്. ഈ സാഹചര്യത്തിലാണ് താരങ്ങള്‍ വേഗപരിധി ലംഘിച്ചില്ലെന്ന നിഗമനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് എത്തിയത്.

അതേസമയം സിസി ടിവി കാമറകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഇരുവരും വേഗപരിധ ലംഘിച്ചോയെന്ന് പറയാനാകില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു. സ്‌പോര്‍ട്‌സ് കാറുകളായതിനാല്‍ ഇവയുടെ ശബ്ദം കേട്ട് അമിത വേഗമായി തെറ്റിദ്ധരിക്കാനിടയുണ്ടെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

വാഹന പ്രേമികള്‍ കൂടിയായായ പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനും ഞായറാഴ്ചയാണ് കോട്ടയത്തേക്ക് യാത്ര നടത്തിയത്. പൃഥ്വിരാജ് തന്റെ ലംബോര്‍ഗിനിലും ദുല്‍ഖര്‍ പോര്‍ഷെയിലുമാണ് നിരത്തിലിറങ്ങിയത്. കോട്ടയം-റ്റുമാനൂര്‍-കൊച്ചി റൂട്ടില്‍ ഇവരുടെ കാറുകള്‍ ഓടുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇരുവരുടെയും മുഖങ്ങള്‍ വിഡിയോയില്‍ കാണുന്നില്ലെങ്കിലും കാറുകള്‍ കാണാം.

ലംബോര്‍ഗിനി സ്വന്തമാക്കിയ ആസിഫ് അലിയുടെ സുഹൃത്തുകൂടിയായ അജു മുഹമ്മദ് ലംബോര്‍ഗിനിയുമായി ഇക്കൂട്ടത്തിലുണ്ട്. നടനും ഡി ജെ യുമായ ശേഖറാണ് ചുവന്ന നിറമുള്ള ദുല്‍ഖറിന്റെ തന്നെ സൂപ്പര്‍ കാര്‍ ഓടിക്കുന്നതായും വിഡിയോയില്‍ കാണാം.

SHARE