ആദ്യ മണിക്കൂറില്‍ തന്നെ 18,000 ടിക്കറ്റുകള്‍ ബുക്ക് ചെയ്തതായി റെയില്‍വേ

ന്യൂഡല്‍ഹി: രാജ്യത്ത് നാളെ മുതല്‍ പുനരാരംഭിക്കുന്ന ട്രെയിന്‍ സര്‍വ്വീസുകളുടെ ബുക്കിംഗ് വൈകിട്ട് ആരംഭിച്ചതോടെ ആദ്യ മണിക്കൂറില്‍ തന്നെ വന്‍ ബുക്കിങ്ങെന്ന് സൂചന. തിങ്കളാഴ്ച രാത്രി 7:30 വരെ 18,000 ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്ന് റെയില്‍വേ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറിനാണ് ബുക്കിംഗ് ആരംഭിച്ചത്. വൈകീട്ട് നാല് മണിക്ക് ബുക്കിംഗ് ആരംഭിക്കുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് സമയം നീട്ടിവച്ചത്.

ട്രെയിനുകളുടെ ബുക്കിംഗ് ആരംഭിച്ച ഉടന്‍ തന്നെ ഐആര്‍സിടിസി വെബ്സൈറ്റ് തകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നിരുന്നാലും, സൈറ്റ് ക്രാഷ് ചെയ്തിട്ടില്ലെന്നും ഡാറ്റ അപ്ലോഡ് ചെയ്യുന്നുണ്ടെന്നും റെയില്‍വേ വ്യക്തമാക്കി.

ലോക്ക് ഡൗണ്‍ ആരംഭിച്ച് 50 ദിവസങ്ങള്‍ക്ക് ശേഷമാണ് റെയില്‍വെ വീണ്ടും സര്‍വീസ് ആരംഭിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ 15 പ്രത്യേക തീവണ്ടികളാവും ഓടുക. എല്ലാ തീവണ്ടികളും ഡല്‍ഹിയില്‍ നിന്ന് സംസ്ഥാന തലസ്ഥാനങ്ങളിലേക്കാണ് സര്‍വ്വീസ് നടത്തുക. ഈ സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള മടക്ക സര്‍വ്വീസും ഉണ്ടാകും. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് കേരളത്തിലേക്കുള്ള പ്രത്യേക തീവണ്ടി. രോഗലക്ഷണം ഇല്ലാത്തവരെ മാത്രം ട്രെയിനുകളില്‍ കയറ്റാനാണ് തീരുമാനമെന്നാണ് വിവരം. കണ്‍ഫേം ടിക്കറ്റില്ലാത്തവരെ സ്റ്റേഷനില്‍ പ്രവേശിപ്പിക്കില്ല. യാത്രക്കാര്‍ക്ക് മാസ്‌കും നിര്‍ബന്ധമാണ്.

updating….