ട്രംപ് പങ്കുവെച്ച വീഡിയോയില്‍ മോദിക്കൊപ്പം ഭാര്യ യശോദാ ബെന്നും

ഇന്ത്യ സന്ദര്‍ശനത്ത് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ തന്നെ ബാഹുബലിയാക്കി ചിത്രീകരിക്കുന്ന മോര്‍ഫ് വീഡിയോ പങ്കുവെച്ച് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ബാഹുബലി 2 എന്ന ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയില്‍ ട്രംപ് ട്വിറ്ററില്‍ പങ്കുവെച്ചത്. 81 സെക്കന്റ് വീഡിയോയില്‍ സിനിമയിലെ പ്രധാന നായികാനായക കഥാപാത്രങ്ങള്‍ക്ക് പകരം ഇന്ത്യ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ട്രംപ്, മോദി കുടുംബങ്ങളെയാണ് ചിത്രീകരിച്ചിരിച്ചിരിക്കുന്നത്.

ട്രംപിനെ ബാഹുബലിയായും ശിവകാമിയായി ഭാര്യ മെലാനിയെയുമാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഭാര്യ യശോദാ ബെന്നും വീഡിയോയില്‍ എത്തിയത് കൗതുകമായി.

വീഡിയോയില്‍ യുദ്ധ മുഖത്ത് പോരാടി വിജയിച്ചുവരുന്ന പോരാളിയായാണ് ട്രംപിനെ അവതരിപ്പിച്ചിരിക്കുന്നത്. രമ്യാ കൃഷ്ണന്‍ അവതരിപ്പിച്ച രാജമാത ശിവകാമിയായാണ് മെലാനിയയെ അവതരിപ്പിച്ചിരിക്കുന്നത്. ട്രംപിനൊപ്പം ഭാര്യ മെലാനിയ രഥത്തില്‍ പോവുന്നതും കൂടെ സല്ലപിക്കുന്നതും മറ്റുമടങ്ങിയ ദൃശ്യങ്ങള്‍ ചേര്‍ത്തപ്പോള്‍, മോദിയുടെ കൂടെ ഭാര്യയെന്ന് പറയപ്പെടുന്ന യശോദ ബെന്നിനെയും കാണാം. ട്രംപിന്റെ മകള്‍ ഇവാന്‍കയേയും മരുമകന്‍ ജെറാഡിനേയും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ട്രംപിന്റെ കടുത്ത ആരാധികയെന്ന് സ്വയം വിശേഷിപ്പിക്കുന്ന സോള്‍ മീംമ്‌സ് എന്ന ട്വിറ്റര്‍ ഹാന്റിലില്‍ നിന്നാണ് മോര്‍ഫ് ചെയ്ത മാഷപ്പ് വീഡിയോ പ്രചരിച്ചത്. വീഡിയോ പങ്കുവെച്ച ട്രംപ്, ഇന്ത്യയിലെ തന്റെ ഉറ്റ ചങ്ങാതിമാര്‍ക്കൊപ്പമിരിക്കാന്‍ കാത്തിരിക്കുന്നു എന്ന് ട്വീറ്റ് ചെയ്തു.

അതേസമയം ട്രംപ് പങ്കുവെച്ച വീഡിയോ മോദിക്ക് തന്നെ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. യശോദാ ബെന്നിനെ ഇന്ത്യയുടെ പ്രഥമ വനിതയായി അംഗീകരിക്കപ്പെടുത്തിയതിന് ട്രംപിന് നന്ദി പറഞ്ഞ്, ആളുകള്‍ കമ്മെന്റ് ചെയ്യുന്നുണ്ട്. തിങ്കളാഴ്ചയാണ് ദ്വിദിന സന്ദര്‍ശനത്തിനായി ട്രംപ് ഇന്ത്യയില്‍ എത്തുന്നത്.