കാണാതായ പ്ലസ്ടു ഉത്തരക്കടലാസുകള്‍ റെയില്‍വേ ഗോഡൗണില്‍

തിരുവനന്തപുരം: മൂല്യ നിര്‍ണയത്തിനയച്ചതിനിടെ കാണാതായ ഹയര്‍സെക്കണ്ടറി പരീക്ഷാ ഉത്തരക്കടലാസുകള്‍ വീണ്ടെടുത്തു. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ആര്‍എംഎസ് ഗോഡൗണിലാണ് ഉത്തരക്കടലാസുകള്‍ കെട്ടിക്കിടന്നിരുന്നത്. ഇവ ബണ്ടില്‍ തിങ്കളാഴ്ച വൈകീട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ തിരികെയെത്തിച്ചു. കൊല്ലം മുട്ടറ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസാണ് വീണ്ടെടുത്തത്.

ഹയര്‍സെക്കണ്ടറി മാത്‌സ് പരീക്ഷയെഴുതിയ 61 ഉത്തരക്കടലാസുകള്‍ അടങ്ങിയ കെട്ടാണ് അധികൃതരുടെ അനാസ്ഥ മൂലം നഷ്ടപ്പെട്ടിരുന്നത്. ഇതേ തുടര്‍ന്ന് പ്രതിസന്ധിയിലായ പൊതുവിദ്യാഭ്യാസ വകുപ്പ് കുട്ടികള്‍ക്ക് ആനുപാതിക മാര്‍ക്ക് നല്‍കി തടിയൂരാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാല്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. തപാല്‍ മാര്‍ഗം അയച്ച പേപ്പറുകളാണ് നഷ്ടപ്പെട്ടത്.

ഇതുസംബന്ധിച്ച് തപാല്‍ വകുപ്പ് അന്വേഷണം നടത്തി വരികയായിരുന്നു. സ്‌കൂളില്‍ നിന്ന് പാലക്കാട്ടെ മൂല്യനിര്‍ണയ ക്യാമ്പിന് പകരം എറണാകുളത്തെ മൂല്യ നിര്‍ണയ ക്യാമ്പിലേക്കാണ് ആദ്യം അയച്ചത്. ഇവിടെ നിന്ന് പാലക്കാട്ടെ ക്യാമ്പിലേക്ക് അയച്ചെങ്കിലും അവിടെ ലഭിച്ചില്ല.

തപാല്‍ വകുപ്പിന്റെ വാഹനത്തില്‍ എറണാകുളത്തു നിന്ന് കൊണ്ടുപോയ ഉത്തരക്കടലാസ് പാലക്കാട് ഇറക്കുന്നതിനു പകരം കോയമ്പത്തൂരില്‍ ഇറക്കുകയായിരുന്നു. ഇതാണ് പിന്നീട് ട്രെയിന്‍ മാര്‍ഗം ഷൊര്‍ണൂരിലെത്തിയത്.