കൂട്ടപ്പലായനത്തിലെ കൂട്ട മരണങ്ങള്‍

പി. ഇസ്മായില്‍ വയനാട്

ലോക്ക്ഡൗണ്‍ നിലവില്‍ രണ്ട്മാസത്തോടടുക്കുമ്പോഴും സ്വന്തം കുടുംബത്തോടൊപ്പം കൂടണയാന്‍ അതിഥി തൊഴിലാളികള്‍ നടത്തുന്ന യാതനയും വേദനയും നിറഞ്ഞ കൂട്ടപലായനവും യാത്രക്കിടയിലെ കൂട്ടമരണങ്ങളും അടിക്കടി ആവര്‍ത്തിക്കുകയാണ്. ലോകാരോഗ്യ സംഘടന കൊറോണ വൈറസ് അന്താരാഷ്ട്ര ഭീഷണിയാണെന്ന് ജനുവരിയില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പല രാജ്യങ്ങളും കോവിഡിനെ പ്രതിരോധിക്കാന്‍ മുന്നൊരുക്കം നടത്തിയപ്പോള്‍ ഇന്ത്യയിലെ ഭരണകൂടം ചിലരുടെ പൗരത്വം റദ്ദ് ചെയ്യാനുള്ള ഗൂഢാലോചനകള്‍ക്ക് വേണ്ടിയാണ്‌സമയം ചിലവഴിച്ചത്. മാര്‍ച്ച് മാസം പാതി പിന്നിട്ട ശേഷമാണ് ഭരണകൂടത്തിന് നേരം വെളുത്തത്. കൊറോണയെ തുരത്താന്‍ പാത്രം കൊട്ടാനും വിളക്കേന്താനും പ്രധാനമന്ത്രി ദിവസങ്ങള്‍ക്ക് മുമ്പേ ആഹ്വാനം നല്‍കിയതിന്റെ മുന്നൊരുക്കം ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തില്‍ ഉണ്ടായിരുന്നില്ല. കേവലം നാല് മണിക്കൂര്‍ വിത്യാസത്തിലാണ് ഇന്ത്യയിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. നിര്‍മാണ തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, ഹോട്ടല്‍ തൊഴിലാളികള്‍, വഴിവാണിഭക്കാര്‍ തുടങ്ങിയ ലക്ഷണക്കിന് വരുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികളാണ് തീരുമാനത്തില്‍ നട്ടംതിരിഞ്ഞത്.

ഭരണകൂടങ്ങളുടെ ബസ്സും ട്രയിനും വരുന്നത് വരെയും കാത്തുകിടക്കാന്‍ മാത്രം ഭക്ഷണമോ വെള്ളമോ താമസസൗകര്യങ്ങളോ മറ്റു തരത്തിലുള്ള കരുതലുകളൊന്നുമില്ലാത്ത കുടിയേറ്റക്കാരുടെ കൂട്ടപലായനങ്ങള്‍ക്കാണ് തുടര്‍ ദിവസങ്ങളില്‍ രാജ്യം സാക്ഷ്യം വഹിച്ചത്. ഡല്‍ഹിയിലെ നിസാമുദ്ധീന്‍ ബ്രഡ്ജിനു സമീപം മൊബൈല്‍ ഫോണ്‍ ചെവിയോട് ചേര്‍ത്ത് പിടിച്ചു വിതുമ്പി കരയുന്ന അതിഥി തൊഴിലാളിയുടെ ചിത്രമാണ് കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്.പി ടി ഐ യുടെ ഫോട്ടോഗ്രാഫറായ അതുല്‍ യാദവാണ് കരളലയിപ്പിക്കുന്ന ചിത്രം പകര്‍ത്തിയത്. കുടിയേറ്റ തൊഴിലാളികളുടെ ദയനീയാവസ്ഥ ലോകത്തെ അറിയിക്കാനായി അതുല്‍ കഴിഞ്ഞ കുറേ ദിവസങ്ങളില്‍ നിരവധി ഫോട്ടോകള്‍ എടുത്തിരുന്നു. മുതിര്‍ന്ന ഒരാള്‍ വാവിട്ടു കരയുന്നത് ദ്യഷ്ടിയില്‍ പെട്ടപ്പോള്‍ അത് പകര്‍ത്തുകയും കരയാനുണ്ടായ കാരണം തിരക്കുകയുംചെയ്തു. മരണാസന്നനായ തന്റെ കുഞ്ഞിനെ കാണാന്‍ നാട്ടിലെത്താനാവാത്തതിന്റെ മാനസിക വിഷമം മൂലമാണ് അയാള്‍ പൊട്ടിക്കരഞ്ഞതെന്ന് ബോധ്യമായി.

ബിഹാറിലേക്ക് കാല്‍നടയാത്രക്ക് മുതിര്‍ന്ന ഇയാളെ പൊലീസ് നിസാമുദ്ധീന്‍ പാലത്തില്‍ തടയുകയായിരുന്നു. അതുല്‍ യാദവിന്റെ ഇടപെടലിനെ തുടര്‍ന്ന് അയാള്‍ക്ക് യാത്രാനുമതിക്കുള്ള ട്രെയിന്‍ പാസ്സ് ലഭിച്ചു. തിരക്കില്‍ അയാളുടെ ഫോണ്‍ നമ്പറോ പേരോ വാങ്ങാന്‍ മറന്നതിനാല്‍ അയാള്‍ക്ക് എന്തു സംഭവിച്ചുവെന്നറിയാന്‍ അതുലിന്റെ ചിത്രം പി ടി ഐ പ്രസിദ്ധീകരിച്ചതോടെയാണ് ലോകം കഥന കഥയറിഞ്ഞത്. രാംപുകാര്‍ പണ്ഡിറ്റ് എന്നാണ് അയാളുടെ പേരെന്നും അയാള്‍ വീടണയും മുമ്പേ മകന്‍ മരിച്ചുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കുടിയേറ്റക്കാരില്‍ ഭൂരിപക്ഷം. ഗോവ, ഡല്‍ഹി, മഹാരാഷ്ട, ഗുജറാത്ത്, കേരളം, കര്‍ണ്ണാടക, പഞ്ചാബ് തുടങ്ങിയ സ്റ്റേറ്റുകളിലേക്കാണ് മേല്‍ പറഞ്ഞ നാടുകളില്‍ നിന്ന് വര്‍ഷ ങ്ങളായിതൊഴില്‍ തേടിയെത്താറുള്ളത്. സ്വന്തം നാട്ടില്‍ നിന്നും 400 മുതല്‍ 1500 കിലോമീറ്റര്‍ ദൂരത്തിലാണ് അവര്‍ തൊഴില്‍ ചെയ്യുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലിയില്ലാതയതോടെ ഇവരില്‍ പലരും മുഴുപട്ടിണിക്കാരായി. കെട്ടിട ഉടമള്‍ക്ക് വാടക കൊടുക്കാന്‍ നിവൃത്തിയില്ലാതായതോടെ താമസവും പരുങ്ങലിലായി. രാജ്യത്ത് എവിടെ നിന്നും അതിഥി തൊഴിലാളികള്‍ക്ക് റേഷന്‍ കിട്ടുമെന്ന് സര്‍ക്കാര്‍ വീരവാദം പറയുമ്പോഴും ആധാര്‍ കാര്‍ഡോ മറ്റു രേഖകളോ ഇല്ലാത്ത പാവപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ക്ക് മുന്നില്‍ റേഷന്‍ കടക്കാരുംകൈമലര്‍ത്തി.

ഗത്യന്തരമില്ലാതെയാണ് സൈക്കിളില്‍ കയറിയും ജീവവായു കടക്കാന്‍ പ്രയാസപ്പെടുന്ന ട്രക്കിനുള്ളില്‍ ഒളിഞ്ഞിരുന്നും കാല്‍നടയായും സ്വന്തം ജീവന്‍ പണയം വെച്ച് നാടണയാന്‍ അവരില്‍ പലരും തയ്യാറായത്. കുട്ടികളും വൃദ്ധരും സ്ത്രീകളും വികലാംഗരുമായ അനേകം പേരാണ് ദുര്‍ഘടം പിടിച്ച യാത്രക്ക്‌നിര്‍ബന്ധിതരായത്. സൈക്കിള്‍ ട്യൂബ് ഉപയോഗിച്ച് യമുനാ നദി മുറിച്ചുകടക്കാനുള്ള സാഹസത്തിന് പോലും അവര്‍ മുതിര്‍ന്നു. സ്യൂട്ട്‌കേസ് വരെ കനല്‍ പാതയില്‍ തൊഴിലാളികളുടെ വാഹനമായി മാറി. സ്യൂട്ട് കേസില്‍ വള്ളി കെട്ടിവലിക്കുന്ന ഒരമ്മയും തളര്‍ന്നവശനായി അതിന് മുകളില്‍ കിടന്നുറങ്ങുന്ന കൊച്ചു പയ്യന്റെയും ചിത്രം കൂട്ട പലായനത്തിന്റെ ദയനീയത വരച്ചുകാട്ടുന്നതാണ്. ഡല്‍ഹിയില്‍ നിന്നും രാജസ്ഥാനിലെ മധോപൂരിലേക്കുള്ള 400 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ ഊന്നുവടിയില്‍ താങ്ങിയുള്ള 90 വയസ്സുകാരി കജോഡിയുടെ ഇഴയലും കണ്ണീര്‍ മടക്കത്തിലെ മറക്കാനാവാത്ത കാഴ്ചകളാണ്.

ദാഹജലം കിട്ടാതെയും കോവിഡിനെ പ്രതിരോധിക്കാനുള്ള ആളകലം പാലിക്കാതെയുമുള്ള യാത്രയില്‍ എത്ര പേര്‍ വീടണഞ്ഞുവെന്നോ എത്രയാളുകളുടെ ജീവനണഞ്ഞുവെന്നോ എന്ന കാര്യത്തില്‍ സര്‍ക്കാരുകളുടെ കൈവശം കൃത്യമായ കണക്കുകളില്ല. മാര്‍ച്ച് 25 ന് രാജ്യം സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലേക്ക് കടന്നതിനു ശേഷമുണ്ടായ റോഡപകടങ്ങളില്‍ മരിച്ചവരില്‍ മൂന്നിലൊന്നും കുടിയേറ്റ തൊഴിലാളികളാണ്. ഡല്‍ഹിയിലെ സേവ് ലൈഫ് ഫൗണ്ടേഷന്റെ കണക്കു പ്രകാരം റോഡില്‍ മരിച്ചുവീണ 321 ല്‍ 145 പേരും സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളാണ്. കാറുകളും ട്രക്കുകളും ലോറികളും ബസുകളും ഇരുചക്ര വാഹനങ്ങളുമാണ് ഇവരുടെയെല്ലാം ജീവന്‍ തട്ടിയെടുത്തത്. മധ്യപ്രദേശിലേക്കുള്ള യാത്രയില്‍ മഹാരാഷ്ട്രയിലെ ഔറംഗബാദിലെ റെയില്‍ പാളം തലയണയാക്കി ഉറങ്ങിപ്പോയ 16 കുടിയേറ്റ തൊഴിലാളികള്‍ ചരക്കു വണ്ടി പാഞ്ഞു കയറിയാണ് മരിച്ചത്.

ട്രംപിനെ വരവേല്‍ക്കാന്‍ വേണ്ടി 100 കോടിയിലേറെ തുലച്ച ഭരണകൂടത്തിന് കുടിയേറ്റ തൊഴിലാളികള്‍ക്കായി 15 കോടി ചിലവഴിക്കാനുള്ള മനസ്സുണ്ടായിരുന്നുവെങ്കില്‍ അവരെല്ലാവരും സുരക്ഷിതമായി സ്വന്തം നാടണയുമായിരുന്നുവെന്ന പ്രിയങ്ക ഗാന്ധിയുടെ വാക്കുകളില്‍ ഭരണകൂടങ്ങള്‍ കുടിയേറ്റക്കാരോട് കാട്ടിയ വിവേചനത്തിന്റെ ആഴം അളക്കാവുന്നതാണ്. തൊഴിലാളികുടെ പേരില്‍ അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ പോലും ചീട്ടുകൊട്ടാരം കൊണ്ട് തങ്ങളുണ്ടാക്കിയ കീര്‍ത്തിക്ക് മങ്ങലേല്‍ക്കുമെന്നതിനാല്‍ മറുനാടന്‍ മലയാളികളുടെ കാര്യത്തില്‍ ചിറ്റമ്മനയമാണ് കൈക്കൊണ്ടത്. വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ദുരത്തിലുള്ള കേരളീയര്‍ക്ക് വേണ്ടി കെ എസ് ആര്‍ ടി സി ബസ്സു പോലും അഞ്ചു മണി തള്ളുകാര്‍ ഏര്‍പ്പാടു ചെയ്തിരുന്നില്ല.

കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികളുമായി ചുളം വിളിച്ചു പുറപ്പെട്ട ട്രയിനുകള്‍ പോലും മടക്കയാത്രക്കായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എത്രയോ മലയാളികള്‍ നേരത്തെ നാട്ടിലെത്തുമായിരുന്നു. ഡല്‍ഹിയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ നടപ്പു സമരം പ്രഖ്യാപിച്ചപ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ കണ്ണ് തുറന്നത്. സ്വന്തം ചിലവില്‍ അഞ്ചിരട്ടി വരെയാത്രാപ്പടി കൊടുത്തും ഉദാരമതികളുടെ സഹായത്താലും കാതങ്ങള്‍ പിന്നിട്ട് കേരളത്തിന്റെ അതിര്‍ത്തികളില്‍ വെള്ളവും ഭക്ഷണവുമില്ലാതെ കുടുങ്ങിയ മറുനാടന്‍ മലയാളികള്‍ക്കായി ശബ്ദിച്ചതിന്റെ പേരില്‍ എം.പിമാരും എം എല്‍ എ മാരുമായജനപ്രതിനിധികള്‍ക്ക് ക്വാറന്റ്റൈന്‍ വിധിച്ചതും ദുരഭിമാനം തലക്കു പിടിച്ച ഭരണകൂടത്തിന്റെ ലക്ഷണമാണ്. സ്വന്തം നാടും വീടും ഉപേക്ഷിച്ച് അപരിചിത ഗ്രാമ ങ്ങളിലേക്കല്ല ലക്ഷകണക്കിനാളുകള്‍ പലായനംനടത്തുന്നത്. അപരിചിത നാടുകളിലൂടെ സ്വന്തം നാട്ടിലേക്കാണവര്‍ മടങ്ങുന്നത്. ജന്മഗേഹങ്ങളിലേക്കും കൂടെ പിറപ്പുകളുടെ അരികിലേക്കും യാത്ര തിരിച്ചവര്‍ക്ക് മുന്നില്‍ അതിര്‍ത്തികള്‍ തുറക്കുന്നത് ആരുടെയും ഔദാര്യമല്ല. ഭരണഘടനാപരമായ അവകാശമാണ്.

SHARE