കേരളത്തില്‍ കൂടുതല്‍ തീവണ്ടിസര്‍വീസുകള്‍; മാവേലി, മലബാര്‍, അമൃത എക്‌സ്പ്രസുകള്‍ അടുത്താഴ്ചമുതല്‍

ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്കകത്തു കൂടുതല്‍ തീവണ്ടിസര്‍വീസുകള്‍ അനുവദിച്ച് റെയില്‍വേ. അടുത്തയാഴ്ച മുതല്‍ കേരളമുള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ ഏതാനും പ്രത്യേക വണ്ടികള്‍ സര്‍വീസ് നടത്തും. കേരളത്തില്‍ മാവേലി, മലബാര്‍, അമൃത എക്‌സ്പ്രസുകളാണ് പ്രത്യേക സര്‍വീസുകളായി ആദ്യം ഓടുക. തമിഴ്നാട്ടിലും ജൂണ്‍ 15-ന് മൂന്നു വണ്ടികള്‍ തുടങ്ങുന്നുണ്ട്. അതേസമയം സംസ്ഥാന അതിര്‍ത്തി വിട്ടുള്ള സര്‍വീസോ പാസഞ്ചര്‍ വണ്ടികളോ ഉണ്ടാവില്ല.

മാവേലിയും മലബാറും മംഗളൂരുവിനു പകരം കാസര്‍കോടുവരെയായിരിക്കും സര്‍വീസ് നടത്തുക. അമൃത എക്‌സ്പ്രസ് മധുരയ്ക്കുപകരം തിരുവനന്തപുരത്തേക്ക് പാലക്കാടുനിന്നാവും സര്‍വീസ് നടത്തുക. മൂന്നു പ്രത്യേക വണ്ടികളുടെയും സര്‍വീസ് ജൂണ്‍ 15-ന് ആരംഭിച്ചേക്കും. റിസര്‍വ് ചെയ്തുള്ള യാത്ര മാത്രമേ അനുവദിക്കൂ. ശനിയാഴ്ചയോടെ റിസര്‍വഷേന്‍ തുടങ്ങും. ജനറല്‍ കോച്ചുകളില്ലാതെയാവും തീവണ്ടികളുടെ ഓട്ടം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാവും.

പാസഞ്ചര്‍ ട്രെയിനുകളായ മംഗളൂരു-തിരുവനന്തപുരം കണ്ണൂര്‍ എക്‌സ്പ്രസും പകല്‍ മുഴുവന്‍ ഓടുന്ന പരശുറാം എക്‌സ്പ്രസും ഉടനെ സര്‍വീസ് തുടങ്ങില്ലെന്നാണ് വിവരം. രണ്ട് ജനശതാബ്ദി എക്‌സ്പ്രസും വേണാട് എക്‌സ്പ്രസുമാണ്(തിരുവനന്തപുരത്തുനിന്ന് എറണാകുളംവരെ മാത്രം) ഇപ്പോള്‍ കേരളത്തിനകത്ത് സര്‍വീസ് നടത്തുന്നത്. അതേസമയം, ദീര്‍ഘ ദൂര ട്രെയിനുകളായ രാജധാനി, മംഗള, നേത്രാവതി തുടങ്ങിയവ കേരളത്തിനകത്ത് യാത്ര നടത്തുന്നുണ്ട്.