മരട് ഫ്‌ലാറ്റ്; ഒഴിയാന്‍ തയ്യാറെന്ന് ഉടമകള്‍; നഷ്ടപരിഹാരം നല്‍കണം

കൊച്ചി: ഫഌറ്റ് ഒഴിയുമെന്നും പുനരധിവാസം വേണമെന്നും ആവശ്യപ്പെട്ട് മരടിലെ ഫഌറ്റുടമകള്‍. തങ്ങള്‍ക്ക് കൂടി ബോധ്യപ്പെട്ട പുനരധിവാസം ഉറപ്പാക്കണം. നഷ്ടപരിഹാരമായുള്ള 25 ലക്ഷം ഫഌറ്റ് ഒഴിയുന്നതിനു മുന്‍പ് ലഭിക്കണം. വൈദ്യുതിയും വെള്ളവും പുനസ്ഥാപിക്കണമെന്നും ഫഌറ്റുടമകള്‍ ആവശ്യപ്പെട്ടു. നാലാഴ്ച്ചക്കുളളില്‍ ഓരോ കുടുംബത്തിനും 25 ലക്ഷം വീതം നല്‍കണമെന്നാണ് സുപ്രീംകോടതി വിധി.

ഫഌറ്റുകളില്‍ നിന്ന് സാധനങ്ങള്‍ മാറ്റേണ്ടതിനാല്‍ ലിഫ്റ്റ് ഉപയോഗിക്കണം. ഇതിനായി വൈദ്യുതി ബന്ധം ഉടന്‍ പുനസ്ഥാപിക്കണമെന്നാണ് ഫഌറ്റുടമകളുടെ ആവശ്യം. വൈദ്യുതിയും വെള്ളവും പുനസ്ഥാപിച്ചില്ലെങ്കില്‍ നിരാഹാര സമരം ആരംഭിക്കുമെന്നും ഫഌറ്റുടമകള്‍ പറഞ്ഞു.

മരടില്‍ നിയമ വിരുദ്ധമായി നിര്‍മിച്ച ഫ്‌ലാറ്റുകള്‍ പൊളിച്ചു നീക്കുന്ന നടപടികള്‍ 138 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നു സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 90 ദിവസം കെട്ടിടം പൊളിച്ചു നീക്കാനും ബാക്കി ദിവസം കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുമാണെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ കര്‍മപദ്ധതി ഉള്‍പ്പെടുത്തിയുള്ള സത്യവാങ്മൂലം ചീഫ് സെക്രട്ടറിയാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്.

SHARE