ഹൈദരാബാദ് പീഡനം; പ്രതികളെ വെടിച്ചുകൊന്നത് തെറ്റ്; മനേകാ ഗാന്ധി

ന്യൂഡല്‍ഹി: ഹൈദരാബാദ് പീഡനക്കേസിലെ പ്രതികളെ വെടിവെച്ചു കൊന്ന സംഭവം തെറ്റെന്ന് ബിജെപി എംപി മനേകാ ഗാന്ധി. നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും കോടതിയാണ് വധശിക്ഷ തീരുമാനിക്കേണ്ടതെന്നും മനേകാ ഗാന്ധി പറഞ്ഞു. പാര്‍ലിമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍.

‘സംഭവിച്ചത് വളരെ ഗുരുതരമായ കാര്യമാണ്. ആ ആളുകള്‍ അവരുടെ കുറ്റകൃത്യത്തിന്റെ ക്രൂരതയ്ക്കുള്ള ശിക്ഷയായി തൂക്കിലേറ്റപ്പെടാന്‍ പോവുകയായിരുന്നു. എന്നാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെന്ന് കരുതി ആളുകളെ കൊല്ലാന്‍ കഴിയില്ല’:മനേകാ ഗാന്ധി പറഞ്ഞു.

വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ന് ഇവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നെന്നാണ് സൈബരാബാദ് പൊലീസ് പറയുന്നത്.നവംബര്‍ 28ന് ആണ് 26 വയസ്സുള്ള വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഷാദ്‌നഗര്‍ ദേശീയപാതയില്‍ പാലത്തിനടിയില്‍ കാണപ്പെട്ടത്. ഈ സംഭവത്തില്‍ പിന്നീട് അറസ്റ്റിലായ ജോല്ലു ശിവ, ജോല്ലു നവീന്‍, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ ലോറി തൊഴിലാളികളാണ്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചുതന്നെയാണ് പ്രതികള്‍ പോലീസിന്റെ വെടിയേറ്റു മരിച്ചത്.

ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തെളിവെടുക്കുന്നതിനായി പ്രതികളെ എത്തിച്ചപ്പോഴാണ് സംഭവം. പ്രതികളായ നാലുപേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. പ്രതികളുടെ മൃതദേഹം ഷാദ്‌നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വെറ്ററിനറി ഡോക്ടറായ യുവതിയെ ബുധനാഴ്ച രാത്രിയോടെയാണ് നാലംഗ സംഘം ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ഹൈദരാബാദ് ബെംഗളൂരു ദേശീയ പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രിയങ്കയുടെ സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറായിരുന്നു. സ്‌കൂട്ടര്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് എത്തിയ സംഘം യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നു. ഹപ്രതികള്‍ ലോറി തൊഴിലാളികളാണെന്ന് കണ്ടെത്തുകയും ഇവരെ പിന്നീട് അവരവരുടെ വീടുകളില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. രാജ്യത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.