മലേഷ്യയില്‍ തൊഴിലുടമ പീഡിപ്പിച്ച ഹരിദാസിന് ചികിത്സാ സഹായവുമായി മമ്മുട്ടി

കൊച്ചി: മലേഷ്യയില്‍ തൊഴിലുടമ പീഡിപ്പിച്ച ഹരിപ്പാട് സ്വദേശി ഹരിദാസിന് ചികിത്സാ വാഗ്ദാനവുമായി മമ്മൂട്ടി. മമ്മുട്ടി ഡയറക്ടറായ ചികിത്സാകേന്ദ്രമാണ് ഹരിദാസിന് ചികിത്സാ സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹരിദാസിന് വേണ്ട എല്ലാ ചികിത്സയും നല്‍കുമെന്നും യാത്രാചെലവടക്കം ഏറ്റെടുക്കുമെന്നും പതഞ്ജലി അധികൃതര്‍ അറിയിച്ചുവെന്ന് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ‘ദ ക്യു’ റിപ്പോര്‍ട്ട് ചെയ്യുന്നു. മലേഷ്യയില്‍ ബാര്‍ബറായി ജോലി ചെയ്തിരുന്ന ഹരിദാസിന് ശമ്പള കുടിശ്ശിക ചോദിച്ചതിനാണ് മര്‍ദ്ദനമേറ്റത്. തൊഴിലുടമ ദേഹമാസകലം ഇരുമ്പ് ദണ്ഡ് ചൂടാക്കി വെക്കുകയായിരുന്നു.

കുറ്റിപ്പുറത്തും, കൊച്ചി പനമ്പള്ളി നഗറിലും പതഞ്ജലി ആശുപത്രിയുണ്ട്. ഇവിടെ ഹരിദാസിന് ചികിത്സ തേടാമെന്നാണ് വിവരം. മൂത്ത മകളുടെ പരീക്ഷ കഴിഞ്ഞാലുടന്‍ ചികിത്സയ്ക്ക് പോകാനാണ് കുടുംബത്തിന്റെ തീരുമാനം. ശമ്പളകുടിശ്ശിക കിട്ടിയിട്ട് നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു ക്രൂരതയ്ക്ക് ഇരയായത്.സുഹൃത്തുക്കള്‍ അയച്ച ചിത്രങ്ങള്‍ സഹിതം ഹരിദാസിന്റെ ഭാര്യ ആലപ്പുഴ എസ്പിക്കും നോര്‍ക്കയിലും പരാതി നല്‍കിയിരുന്നു.

കാലുമുതല്‍ കഴുത്തുവരെ ശരീരമാസകലം മുറിവുകളായിരുന്നു. ഹരിദാസിന് പുറമെ തമിഴ്‌നാട്ടില്‍ നിന്നുള്ള മറ്റൊരാള്‍ക്കും ഇത്തരത്തില്‍ പീഡനമേല്‍ക്കേണ്ടി വന്നിട്ടുണ്ട്. നോര്‍ക്ക അധികൃതരും ഹരിദാസിനെ സഹായിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നോര്‍ക്ക ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച ഹരിദാസിന്റെ വീട്ടില്‍ എത്തി വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. പ്രവാസികള്‍ക്കുള്ള സഹായങ്ങള്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് നോര്‍ക്ക ഭാരവാഹികള്‍ അറിയിച്ചു.

SHARE